അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു
ഷാർജ: ആധുനികോത്തര കാലത്ത് സുഗമവും ആരോഗ്യകരവുമായ ജീവിതത്തിന് യോഗ അനിവാര്യമാണെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പാസ്‌പോർട്ട് & കോൺസുലർ സർവീസസ് കോൺസുൽ ശ്രീ. സുനിൽ കുമാർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിൽ സംഘടിപ്പിച്ച പ്രത്യേക യോഗ ആചരണ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം മേധാവി പ്രനോജ് ടി. വി. ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് യോഗ നൽകുന്ന സംഭാവനകളെക്കുറിച്ച് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു.
വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, പ്രധാനാധ്യാപിക ദീപ്തി മേരി ടോംസി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഔദ്യോഗിക യോഗങ്ങൾക്ക് ശേഷം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് അന്താരാഷ്ട്ര യോഗ ദിന പ്രോട്ടോക്കോൾ പ്രദർശനവും നടന്നു. മുന്നൂറോളം വിദ്യാർഥികൾ അണിനിരന്ന യോഗ പ്രദർശനത്തിന് കായികാധ്യാപകൻ ഷിന്റൊ ഗോപാലകൃഷ്ണൻ നേതൃത്വം നൽകി.
















































