ദേശീയ അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും ലക്ഷ്യമിട്ടെത്തിയ അത്യാധുനിക ഭീഷണികളെ യുഎഇ സൈബർ സുരക്ഷാ കൗൺസിൽ വിജയകരമായി പ്രതിരോധിച്ചു.
അബുദാബി — രാജ്യത്തെ വ്യോമയാന, ഊർജ, ഉന്നതവിദ്യാഭ്യാസ മേഖലകളെ ലക്ഷ്യമിട്ടുണ്ടായ വിപുലമായ സൈബർ ആക്രമണ ശ്രമങ്ങൾ വിജയകരമായി പ്രതിരോധിച്ച് യുഎഇ. ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ സമയബന്ധിതമായി ഇടപെട്ടതോടെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കോ വിവരശേഖരങ്ങൾക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചില്ലെന്ന് ഔദ്യോഗിക അധികൃതർ സ്ഥിരീകരിച്ചു.
ദേശീയ സൈബർ സുരക്ഷാ കൗൺസിലിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിഭാഗങ്ങൾ ആക്രമണ ശ്രമങ്ങൾ തത്സമയം കണ്ടെത്തുകയും പ്രതിരോധ ശൃംഖല ഉടനടി സജ്ജമാക്കുകയുമായിരുന്നു. വ്യോമയാന ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ, ഊർജ വിതരണ ശൃംഖലകൾ, സർവകലാശാലാ ഡാറ്റാബേസുകൾ എന്നിവയിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാനുള്ള ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്.
അത്യാധുനിക സാങ്കേതികവിദ്യയും കൃത്രിമബുദ്ധി അധിഷ്ഠിത മോണിറ്ററിംഗ് സംവിധാനങ്ങളും ഉപയോഗിച്ചാണ് യുഎഇ ഡിജിറ്റൽ പ്രതിരോധം ഉറപ്പാക്കുന്നത്. ആക്രമണങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ ബന്ധപ്പെട്ട നെറ്റ്‌വർക്കുകൾ സുരക്ഷിതമാക്കുകയും ഭീഷണിയുടെ ഉറവിടങ്ങൾ വിച്ഛേദിക്കുകയും ചെയ്തു. എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് കൗൺസിൽ അറിയിച്ചു.
സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സര്ക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഡിജിറ്റൽ സംവിധാനങ്ങളുടെ പാസ്‌വേഡുകളും സുരക്ഷാ കോഡുകളും ശക്തമാക്കാനും, സോഫ്റ്റ്‌വെയറുകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനും നിർദേശമുണ്ട്. അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് ആക്രമണങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്.









