മാണിക്യനും കാർത്തുമ്പിയും വീണ്ടും ബിഗ് സ്ക്രീനിലേക്ക്; പ്രസാദ് കോർപ്പറേഷനും മാറ്റിനി നൗവും ചേർന്ന് ഒരുക്കിയത് സൂപ്പർ 4K ദൃശ്യവിരുന്ന്.
കൊച്ചി: ഒക്ടോബർ 5, 2026 : മലയാള സിനിമയിലെ എക്കാലത്തെയും വലിയ ജനപ്രിയ ചിത്രങ്ങളിലൊന്നായ പ്രിയദർശന്റെ ‘തേന്മാവിൻ കൊമ്പത്ത്’ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലെത്തുന്നു. അത്യാധുനിക 4K ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസത്തോടെയും ചിത്രം ഒക്ടോബർ 8-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പുനഃപ്രദർശനത്തിനെത്തും.
നേരത്തെ ഒക്ടോബർ ഒന്നിന് നിശ്ചയിച്ചിരുന്ന റിലീസ് സാങ്കേതിക കാരണങ്ങളാലും വിപുലമായ തിയേറ്റർ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി ഒരാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കേരളത്തിനൊപ്പം യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും ചിത്രം വിപുലമായി പ്രദർശിപ്പിക്കും.
പ്രിയദർശനൊപ്പം ചെയ്ത ചിത്രങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സൃഷ്ടിയാണ് തേന്മാവിൻ കൊമ്പത്തെന്ന് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മോഹൻലാൽ പങ്കുവെച്ചു. മാണിക്യൻ എന്ന ജനപ്രിയ കഥാപാത്രത്തെ പുത്തൻ സാങ്കേതിക തികവിൽ ബിഗ് സ്ക്രീനിൽ തിരികെയെത്തിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസാദ് കോർപ്പറേഷനും മാറ്റിനി നൗവും ചേർന്ന് ഇ4 എന്റർടെയ്ൻമെന്റിന്റെ പങ്കാളിത്തത്തോടെയാണ് ചിത്രത്തിന്റെ റീമാസ്റ്ററിങ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ഒറിജിനൽ 35 എംഎം നെഗറ്റീവ് 8K റെസല്യൂഷനിൽ സ്കാൻ ചെയ്ത ശേഷം സൂപ്പർ 4K നിലവാരത്തിലേക്ക് ഡിജിറ്റലായി പുനരുദ്ധരിക്കുകയായിരുന്നു. യഥാർത്ഥ കളർ ടോണുകൾ നഷ്ടപ്പെടാതെയാണ് കെ.വി. ആനന്ദിന്റെ ഛായാഗ്രഹണം വെള്ളിത്തിരയ്ക്കായി ഒരുക്കിയിരിക്കുന്നത്. ബേണി-ഇഗ്നേഷ്യസിന്റെ ഈണങ്ങളും എസ്.പി. വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതവും ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയിലേക്ക് മാറ്റിയതോടെ കൂടുതൽ ആഴത്തിലുള്ള ശബ്ദാനുഭവം തിയേറ്ററുകളിൽ ലഭ്യമാകും.
1994-ൽ പുറത്തിറങ്ങിയ ചിത്രം മാണിക്യന്റെയും കാർത്തുമ്പിയുടെയും പ്രണയത്തിനൊപ്പം ശ്രീകൃഷ്ണൻ തമ്പുരാനുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറഞ്ഞത്. കെ.വി. ആനന്ദിന് മികച്ച ഛായാഗ്രഹണത്തിനും സാബു സിറിലിന് മികച്ച കലാസംവിധാനത്തിനുമുള്ള ദേശീയ പുരസ്കാരങ്ങൾ ചിത്രത്തിലൂടെ ലഭിച്ചു. അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.
നെടുമുടി വേണു, കുതിരവട്ടം പപ്പു, സുകുമാരി, കെ.പി.എ.സി. ലളിത, ശങ്കരാടി, കവിയൂർ പൊന്നമ്മ തുടങ്ങി ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിരവധി ഇതിഹാസ താരങ്ങൾ വിടപറഞ്ഞ ശേഷമാണ് ഈ പുനഃപ്രദർശനം എത്തുന്നത് എന്നത് മലയാളി പ്രേക്ഷകർക്ക് വൈകാരികമായ ഒരോർമ്മപ്പെടുത്തൽ കൂടിയാകുന്നു. കേരളത്തിലെയും ഗൾഫിലെയും പ്രധാന കേന്ദ്രങ്ങളിൽ ചിത്രത്തിനായുള്ള ബുക്കിങ് ഉടൻ ആരംഭിക്കും.










