സെപ്റ്റംബറിൽ നടക്കുന്ന അന്താരാഷ്ട്ര ട്രാവൽ എക്‌സ്‌പോയ്ക്ക് മുന്നോടിയായി റിയാദിൽ തന്ത്രപ്രധാന കരാറുകൾ ഒപ്പുവെച്ചു.
റിയാദ് — സെപ്റ്റംബറിൽ ആദ്യമായി അരങ്ങേറുന്ന ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ് (WTM Spotlight Riyadh) ട്രാവൽ എക്സ്പോയുടെ ഔദ്യോഗിക ഹോട്ടൽ പങ്കാളികളായി ഫെയർമോണ്ട് റാംല, ഫെയർമോണ്ട് റിയാദ് എന്നിവയെയും ജേർണി പങ്കാളിയായി അൽമൂസാഫിർ ട്രാവൽ & ടൂറിസത്തെയും പ്രഖ്യാപിച്ചു.

ആർ.എക്സ് (RX) സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ അന്താരാഷ്ട്ര പ്രദർശനം 2026 സെപ്റ്റംബർ 8 മുതൽ 10 വരെ റിയാദ് ഫ്രണ്ട് എക്സിബിഷൻ & കോൺഫറൻസ് സെന്ററിൽ നടക്കും. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
സൗദിയുടെ വിനോദസഞ്ചാര വിപണിയെ ആഗോളതലത്തിലേക്ക് ഉയർത്താനും അന്താരാഷ്ട്ര ട്രാവൽ ഏജൻസികൾ, എയർലൈനുകൾ, വിദേശ പ്രതിനിധികൾ എന്നിവരെ റിയാദിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഈ തന്ത്രപ്രധാന പങ്കാളിത്തം. എക്സ്പോയ്ക്കെത്തുന്ന വിദേശ പ്രതിനിധികൾക്കും അന്താരാഷ്ട്ര ബയർമാർക്കും താമസസൗകര്യം ഫെയർമോണ്ട് ഗ്രൂപ്പ് ഒരുക്കുമ്പോൾ, യാത്രാ ഏകോപനവും ഗ്രൗണ്ട് ലോജിസ്റ്റിക്സും അൽമൂസാഫിർ നിർവഹിക്കും.

2030-ഓടെ ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) ടൂറിസം മേഖലയുടെ പങ്കാളിത്തം 10 ശതമാനമായി ഉയർത്താനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ആദ്യ പതിപ്പിൽ 6,500-ലധികം പ്രാദേശിക-അന്തർദേശീയ സന്ദർശകരും 150 അന്താരാഷ്ട്ര ഹോസ്റ്റഡ് ബയർമാരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദിലൂടെ അന്താരാഷ്ട്ര തലത്തിലുള്ള പ്രതിനിധികൾക്ക് സൗദിയുടെ പ്രമുഖ ആതിഥേയ ശൃംഖലകളുടെ സേവനങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കുമെന്ന് ആർ.എക്സ് യു.എ.ഇ റീജിയണൽ പോർട്ട്ഫോളിയോ ഡയറക്ടർ ഡാനിയൽ കർട്ടിസ് പറഞ്ഞു. വിനോദസഞ്ചാര വികസനത്തിന് ആഗോള പങ്കാളിത്തം അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
സൗദിയുടെ തലസ്ഥാന നഗരിക്ക് ഇത് നിർണായക നിമിഷമാണെന്നും എക്സ്പോയിലൂടെ ആഗോള ടൂറിസം മേഖലയുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയുമെന്നും ഫെയർമോണ്ട് റാംല ജനറൽ മാനേജർ അമീൻ ബൂഹൽബയും ഫെയർമോണ്ട് റിയാദ് ജനറൽ മാനേജർ മുഹിയുദ്ദീൻ സോക്കും വ്യക്തമാക്കി.
അന്താരാഷ്ട്ര പങ്കാളികളെ രാജ്യത്തെ അതിവേഗം വളരുന്ന വിപണിയുമായി ബന്ധിപ്പിക്കാൻ എക്സ്പോ വഴി സാധിക്കുമെന്ന് അൽമൂസാഫിർ സി.ഇ.ഒ മുസമ്മിൽ അഹുസൈൻ പറഞ്ഞു. ട്രാവൽ പ്രൊഫഷണലുകൾക്ക് എക്സ്പോയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.










