നാലാം പതിപ്പിൽ ആനിമേഷൻ, കോമിക്സ് രംഗങ്ങളിലെ ആഗോള വിദഗ്ധർ പങ്കെടുക്കും; സംഘടിപ്പിക്കുന്നത് ഷാർജ ബുക്ക് അതോറിറ്റി.
ഷാർജ, ഒക്ടോബർ 6, 2026:
ആനിമേഷൻ, കോമിക്സ് രംഗങ്ങളിലെ ആഗോള പ്രവണതകളും തൊഴിൽ സാധ്യതകളും ചർച്ച ചെയ്യുന്ന ഷാർജ ആനിമേഷൻ ആന്റ് കോമിക്സ് കോൺഫറൻസിന്റെ (SACC 2026) നാലാം പതിപ്പ് ഒക്ടോബർ 22 മുതൽ 25 വരെ ഷാർജയിലെ അൽജദയിൽ നടക്കും.
ഷാർജ ബുക്ക് അതോറിറ്റിയുടെ (SBA) നേതൃത്വത്തിലാണ് നാല് ദിവസത്തെ രാജ്യാന്തര സംഗമം ഒരുങ്ങുന്നത്. സർഗാത്മക രചനകൾ, സാങ്കേതിക നിർമ്മാണം, വിപണന സാധ്യതകൾ എന്നിവ മുൻനിർത്തി 150-ലധികം മാസ്റ്റർക്ലാസുകൾ, ശിൽപശാലകൾ, പാനൽ ചർച്ചകൾ എന്നിവ കോൺഫറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ആനിമേഷൻ വിഭാഗത്തിൽ ഫീച്ചർ സിനിമകൾ, ടെലിവിഷൻ പരമ്പരകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയുടെ നിർമ്മാണ പ്രക്രിയകൾ വിശദമായി പരിശോധിക്കും. പരമ്പരാഗത രേഖാചിത്ര രചന, ഡിജിറ്റൽ ആനിമേഷൻ, സ്റ്റോപ്പ്-മോഷൻ, ഡബ്ബിംഗ്, വോയ്‌സ് ആക്ടിംഗ് തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകും. ഇതിനുപുറമെ, മോഷൻ ക്യാപ്ചർ സാങ്കേതികവിദ്യ എങ്ങനെ ഡിജിറ്റൽ കഥാപാത്രങ്ങളിലേക്ക് മാറ്റാമെന്നും, നിർമ്മാണ രംഗത്ത് ഡാറ്റാ അധിഷ്ഠിത ടൂളുകൾ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്നും വിദഗ്ധർ വിശദീകരിക്കും.
പ്രാദേശിക ഉള്ളടക്കങ്ങൾ രാജ്യാന്തര വിപണിയിൽ എത്തിക്കുന്നതിനുള്ള കോ-പ്രൊഡക്ഷൻ സാധ്യതകൾ, വിതരണ കരാറുകൾ, സ്റ്റുഡിയോ വികസനം എന്നിവ കേന്ദ്രീകരിച്ച് നിർമ്മാതാക്കളുടെ പ്രത്യേക ചർച്ചകളും നടക്കും.
കോമിക്സ് വിഭാഗത്തിൽ കഥാപാത്ര നിർമ്മിതി, വിഷ്വൽ സ്റ്റോറിടെല്ലിംഗ്, കാർട്ടൂണിംഗ്, സ്വതന്ത്ര പ്രസാധനം എന്നിവയ്ക്ക് മുൻഗണന നൽകുന്നു. പ്രിന്റ് കോമിക്സുകളെ ആനിമേഷൻ, സിനിമ, കളിപ്പാട്ടങ്ങൾ (കളക്ടിബിൾസ്), വെബ്റ്റൂൺ തുടങ്ങിയ ഡിജിറ്റൽ മാധ്യമങ്ങളിലേക്ക് മാറ്റുന്ന വ്യാവസായിക സാധ്യതകളും പരിശോധിക്കും. പുരാതന കോമിക് പുസ്തകങ്ങളുടെ മൂല്യനിർണ്ണയം, ഗ്രേഡിംഗ് രീതികൾ, കലക്ടർമാർക്കിടയിലെ വിപണന രീതികൾ എന്നിവയും ഇതിൽ ചർച്ചയാകും.
സന്ദർശകർക്കായി പരമ്പരാഗത ആനിമേഷൻ രചന, മോഷൻ ക്യാപ്ചർ, ക്യാരക്ടർ സ്കൾപ്റ്റിംഗ് എന്നിവയുടെ തത്സമയ പ്രദർശനങ്ങൾ വേദിയിൽ ഒരുക്കും. ആനിമേഷൻ ദൃശ്യങ്ങൾക്ക് പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തുന്ന ലൈവ് ഓർക്കസ്ട്രൽ ഡെമോൺസ്ട്രേഷനും ഇത്തവണത്തെ കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
കോൺഫറൻസിൽ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും രജിസ്ട്രേഷൻ വിശദാംശങ്ങളും വരുംദിവസങ്ങളിൽ sharjahanimation.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.










