ദുബായ് — ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) സംഘടിപ്പിക്കുന്ന 14-ാമത് ദുബായ് അവാർഡ് ഫോർ സസ്റ്റൈനബിൾ ട്രാൻസ്പോർട്ടിലേക്ക് (DAST 2026) നാമനിർദേശങ്ങളുടെ പ്രവാഹം. ജൂലൈ 31-ന് നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ, പ്രതീക്ഷിച്ചതിലും 400 ശതമാനത്തിലധികം അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. വിവിധ വിഭാഗങ്ങളിലായി 750-ലധികം എൻട്രികളാണ് ഇത്തവണ രജിസ്റ്റർ ചെയ്തത്.
യു.എ.ഇക്ക് പുറമെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ വിവിധ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് വലിയ പങ്കാളിത്തമാണ് അവാർഡിന് ലഭിച്ചത്.
സുസ്ഥിര ഗതാഗത മേഖലയിലെ മികച്ച മാതൃകകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ പുരസ്‌കാരത്തിനുള്ള പ്രാധാന്യമാണ് അപേക്ഷകരുടെ വർധനവ് കാണിക്കുന്നതെന്ന് ആർ.ടി.എ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്ടർ സി.ഇ.ഒയും അവാർഡ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ മൂന അൽ ഉസൈമി പറഞ്ഞു. “ദുബായിയുടെ ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിൽ പൊതു-സ്വകാര്യ മേഖലകൾക്കുള്ള താല്പര്യം ഇതാണ് വ്യക്തമാക്കുന്നത്,” അവർ വ്യക്തമാക്കി.
എല്ലാ എൻട്രികളും സുതാര്യവും കൃത്യവുമായ മാനദണ്ഡങ്ങൾ മുൻനിർത്തി വിലയിരുത്തുമെന്നും ഏറ്റവും മികച്ചതും പ്രായോഗികവുമായ പദ്ധതികൾ തിരഞ്ഞെടുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇത്തവണ പുരസ്കാര ഘടനയിൽ വിപുലമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. അവാർഡുകളുടെ എണ്ണം 12 ആയി ഉയർത്തി. എലൈറ്റ്, സസ്റ്റൈനബിലിറ്റി, ഇൻക്ലൂസിവിറ്റി, ഇന്നൊവേഷൻ എന്നീ നാല് പ്രധാന വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. നഗരങ്ങളിലെ സുസ്ഥിര വികസനം, ഹരിത ഊർജ്ജ ഉപയോഗം, സുരക്ഷിത ഗതാഗതം, വിദ്യാർത്ഥികളുടെ പുതിയ ആശയങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഇത്തവണ പ്രത്യേക പരിഗണനയുണ്ട്.
2008-ൽ തുടക്കമിട്ട അവാർഡ്, ആഗോളതലത്തിൽ ഗതാഗത മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. സമർപ്പിക്കപ്പെട്ട പദ്ധതികളുടെ മൂല്യനിർണയം പൂർത്തിയാക്കി വരും മാസങ്ങളിൽ വിജയികളെ പ്രഖ്യാപിക്കും.










