2026 നവംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന അബുദാബി അന്താരാഷ്ട്ര മാധ്യമ-സാങ്കേതിക ഉച്ചകോടി അഞ്ചുദിവസത്തെ വിപുലമായ പരിപാടികളോടെ യാസ് ഐലൻഡിൽ നടക്കും.
അബുദാബി, ഓഗസ്റ്റ് 16, 2026 — രണ്ടാം ബ്രിഡ്ജ് ഉച്ചകോടിയുടെ തീയതികളിൽ മാറ്റം വരുത്തി ബോർഡ് ഓഫ് ഡയറക്ടേഴ്‌സ്. മുൻപ് 2026 നവംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന ഉച്ചകോടി 2027 നവംബർ അവസാനം – ഡിസംബർ ആദ്യ വാരത്തിലേക്ക് മാറ്റിവെച്ചു. 2027-ലെ പതിപ്പിന് ശേഷം ഉച്ചകോടി എല്ലാ വർഷവും സംഘടിപ്പിക്കുന്ന രീതിയിലേക്ക് മാറുമെന്ന് ബ്രിഡ്ജ് അലയൻസ് സ്ഥിരീകരിച്ചു.
ബ്രിഡ്ജ് അലയൻസ് ചെയർമാൻ അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹാമിദിന്റെ അധ്യക്ഷതയിൽ ചേർന്ന നാലാമത് ബോർഡ് യോഗത്തിലാണ് തീരുമാനം. ആഗോള മാധ്യമ, വിനോദ, സാങ്കേതിക, നിക്ഷേപ മേഖലകളെ കോർത്തിണക്കി കൂടുതൽ വിപുലമായ പങ്കാളിത്തം ഉറപ്പാക്കാനാണ് തീയതി ദീർഘിപ്പിച്ചത്. അബുദാബിയിലെ പ്രമുഖ എക്സ്പീരിയൻസ് ഡെവലപ്പർമാരായ മിറാലുമായി ചേർന്നാണ് യാസ് ഐലൻഡിൽ അഞ്ചുദിവസത്തെ ഉച്ചകോടി ഒരുക്കുന്നത്.

ഉച്ചകോടി ഒരു ഒറ്റപ്പെട്ട പരിപാടിയായി നിർത്താതെ, വർഷം മുഴുവൻ നീളുന്ന ആഗോള ഗവേഷണങ്ങളും സംവാദങ്ങളും നടക്കുന്ന ഒരു സ്ഥിരം പ്ലാറ്റ്‌ഫോമാക്കി മാറ്റാനാണ് പദ്ധതി. മുൻവർഷങ്ങളിലെ നേട്ടങ്ങളെ അടിസ്ഥാനമാക്കി ആഗോള തലത്തിൽ കൂടുതൽ ശക്തമായ സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അബ്ദുള്ള അൽ ഹാമിദ് വ്യക്തമാക്കി.

2025-ൽ നടന്ന പ്രഥമ ബ്രിഡ്ജ് ഉച്ചകോടി വൻ വിജയമായിരുന്നു. 182 രാജ്യങ്ങളിൽ നിന്നായി 40,000-ത്തിലധികം പ്രതിനിധികൾ പങ്കെടുത്ത ഉച്ചകോടിയിൽ 1,276 ബിസിനസ് കൂടിക്കാഴ്ചകളും 48 പ്രധാന കരാറുകളും ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് 2027 മുതൽ ഇവന്റ് പൂർണ്ണമായും വാർഷിക പതിപ്പായി മാറ്റുന്നത്.











