ദുബായ്: കൊടുംചൂടിലും നഗരത്തിന്റെ വികസനത്തിനായി വിയർപ്പൊഴുക്കുന്ന തൊഴിലാളികൾക്ക് കരുതലിന്റെ തണലൊരുക്കി ‘അൽ ഫരീജ് ഫ്രിഡ്ജ്’ പദ്ധതി. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ മൂന്നാം പതിപ്പിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻേഴ്സ് അഫയേഴ്സ്–ദുബായ് സജീവമായി പങ്കാളികളായി.

ചൂടുകാലത്ത് പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് തണുത്ത വെള്ളം, ജ്യൂസ്, ഐസ്ക്രീം എന്നിവ വിതരണം ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വേനൽച്ചൂടിൽ നിർജലീകരണം, ഹീറ്റ് സ്ട്രെസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിനൊപ്പം, അവരുടെ അധ്വാനത്തോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന്റെ പിന്തുണയോടെ ദുബായ് ഫുർജാൻ ഫൗണ്ടേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. യു.എ.ഇ വാട്ടർ എയ്ഡ് ഫൗണ്ടേഷൻ (സുഖിയ യു.എ.ഇ), യു.എ.ഇ ഫുഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


ശുചീകരണ തൊഴിലാളികൾ, നിർമാണ മേഖലയിലുള്ളവർ, ഡെലിവറി റൈഡർമാർ, കൃഷി, റോഡ്-വീഥി പരിപാലന മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങി പുറംജോലികളിൽ ഏർപ്പെടുന്ന പരമാവധി തൊഴിലാളികളിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കുകയാണ് ലക്ഷ്യം.തണുത്ത വെള്ളവും ജ്യൂസും ഐസ്ക്രീമുമായി ശീതീകരിച്ച വാഹനങ്ങൾ തൊഴിലാളികൾ ജോലി ചെയ്യുന്ന വിവിധ കേന്ദ്രങ്ങളിലെത്തി വിതരണം നടത്തി. കടുത്ത വേനലിൽ ശരീരത്തിൽ ജലാംശം നിലനിർത്താനും ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും ഇത് സഹായകമാകും.
കേവലം ദാഹമകറ്റാനുള്ള ഒരു സേവനം എന്നതിലുപരി, ദുബായുടെ വളർച്ചയ്ക്കും വികസനത്തിനും പിന്നിൽ അധ്വാനിക്കുന്ന തൊഴിലാളികളോടുള്ള ആദരവിന്റെ പ്രതീകം കൂടിയാണ് ‘ഫരീജ് ഫ്രിഡ്ജ്’ പദ്ധതിയെന്ന് അധികൃതർ പറഞ്ഞു.

18,000ത്തിലധികം പേർക്ക് ആശ്വാസം
പദ്ധതിയുടെ ഭാഗമായി ജി.ഡി.ആർ.എഫ്.എ ദുബായിലെ സന്നദ്ധപ്രവർത്തകരായ ഉദ്യോഗസ്ഥർ നാല് കേന്ദ്രങ്ങളിൽ നേരിട്ടെത്തി വിതരണം നടത്തി. ആയിരക്കണക്കിന് കുപ്പി തണുത്ത വെള്ളം, ജ്യൂസ്, ഐസ്ക്രീം എന്നിവ തൊഴിലാളികൾക്ക് വിതരണം ചെയ്തു.18,000ത്തിലധികം തൊഴിലാളികൾക്കാണ് ജി.ഡി.ആർ.എഫ്.എ ദുബായുടെ പങ്കാളിത്തത്തിലൂടെ ആശ്വാസം ലഭിച്ചത്.സാമൂഹിക സേവനത്തിനായി ഉദ്യോഗസ്ഥർ നേരിട്ട് രംഗത്തിറങ്ങിയതിലൂടെ സന്നദ്ധസേവനത്തിന്റെയും സാമൂഹിക സഹകരണത്തിന്റെയും പ്രാധാന്യവും ഉയർത്തിക്കാട്ടി.
ഒരു സർക്കാർ വകുപ്പിന്റെ പ്രവർത്തന മികവ് അളക്കുന്നത് നൽകുന്ന സേവനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സമൂഹത്തിൽ സൃഷ്ടിക്കുന്ന മാനുഷിക സ്വാധീനത്തിലൂടെയും അതിനെ വിലയിരുത്തണമെന്നും ജി.ഡി.ആർ.എഫ്.എ ദുബായ് ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.മനുഷ്യരെ ചേർത്തുപിടിക്കുന്ന ഇത്തരം സംരംഭങ്ങൾ സ്ഥാപനത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാഴ്ചയിൽ ലളിതമെന്ന് തോന്നാമെങ്കിലും ‘ഫ്രീജ് ഫ്രിഡ്ജ്’ പദ്ധതിയുടെ സ്വാധീനം വളരെ വലുതാണ്. പ്രതികൂല കാലാവസ്ഥയിലും നഗരത്തിന്റെ സൗന്ദര്യവും സമ്പദ്‌വ്യവസ്ഥയും നിലനിർത്താൻ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളോടുള്ള നന്ദിപ്രകാശനമാണിത്. അവരുടെ മുഖത്ത് വിരിയുന്ന സന്തോഷമാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എ.ഇയുടെ സഹിഷ്ണുതയുടെയും ദാനശീലത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരം സംരംഭങ്ങളെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് വ്യക്തമാക്കി. മനുഷ്യരിൽ നിക്ഷേപിക്കുകയും അവരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്നതാണ് സുസ്ഥിര വികസനത്തിന്റെ പ്രധാന അടിത്തറയെന്ന സന്ദേശവും പദ്ധതിയിലെ പങ്കാളിത്തത്തിലൂടെ വീണ്ടും ഉയർത്തിപ്പിടിച്ചു.










