‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ യുടെ ഭാഗമായി ഷാർജയിൽ നിന്ന് 60 ടൺ വിദ്യാഭ്യാസ സാമഗ്രികൾ ഈജിപ്തിലേക്ക് അയച്ചു.
അബുദാബി, ഓഗസ്റ്റ് 19, 2026:ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇതുവരെ 390 കോടി ഡോളറിന്റെ (ഏകദേശം 3.9 ബില്യൺ ഡോളർ) സാമ്പത്തിക-സാമഗ്ര സഹായങ്ങൾ എത്തിച്ചതായി ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. ഗസ്സയ്ക്ക് ആഗോളതലത്തിൽ ലഭിച്ച ആകെ മാനുഷിക സഹായത്തിന്റെ 46 ശതമാനവും യുഎഇയിൽ നിന്നാണ്.
‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ റിലീഫ് ഓപ്പറേഷൻസ് കോഓർഡിനേറ്റർ ഹമ്മൂദ് അൽ അഫാരിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ദുരന്തമേഖലയിൽ വേഗത്തിലും കാര്യക്ഷമമായും സഹായങ്ങളെത്തിക്കുന്ന രീതിയിലാണ് യുഎഇയുടെ ഫീൽഡ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനൊപ്പം തന്നെ ഗസ്സയിലെ വിദ്യാർത്ഥികൾക്കായി ഷാർജ ചാരിറ്റി ഇന്റർനാഷണലുമായി ചേർന്ന് പുതിയ വിദ്യാഭ്യാസ സഹായ പദ്ധതിക്കും തുടക്കമിട്ടു. ‘വിത്ത് നോളജ്, വി റൈസ്’ എന്ന് പേരിട്ടിരിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി 60 ടൺ പഠന സാമഗ്രികളുമായി ആദ്യ വിമാനം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഈജിപ്തിലെ അൽ അറീഷ് വിമാനത്താവളത്തിലേക്ക് തിരിച്ചു.
ഈജിപ്ത് അതിർത്തി മാർഗ്ഗം റഫ ക്രസിംഗ് വഴി ഈ സാമഗ്രികൾ ഗസ്സയിലെ കുട്ടികളിലേക്ക് എത്തിക്കും. 25,000-ത്തിലധികം സ്കൂൾ ബാഗുകളും മറ്റ് പഠനോപകരണങ്ങളുമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.
ഗസ്സ റിലീഫ് പ്രവർത്തനങ്ങൾക്കായി ഷാർജ ചാരിറ്റി ഇന്റർനാഷണൽ മാത്രം ഇതുവരെ 2 കോടിയിലധികം യുഎഇ ദിർഹം ചെലവഴിച്ചതായി എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുള്ള ബിൻ ഖാദെം അറിയിച്ചു. ഗസ്സയിലെ ഫീൽഡ് ആശുപത്രികൾ, കുടിവെള്ള സംസ്കരണ പ്ലാന്റുകൾ, നിരന്തരമായ വിമാന-ട്രക്ക് സഹായ വിതരണങ്ങൾ എന്നിവ വഴി യുഎഇ തങ്ങളുടെ ദുരിതാശ്വാസ ദൗത്യം തുടരുകയാണ്.










