കിഴക്കൻ ആഫ്രിക്കൻ കാർഷിക ഉൽപ്പാദനത്തെയും ഗൾഫ് വിപണികളെയും ബന്ധിപ്പിച്ച് സമഗ്ര നിക്ഷേപ-വാണിജ്യ ഇടനാഴി യാഥാർഥ്യമാകും.
അബുദാബി, ഒക്ടോബർ 7, 2026 : ആഗോള വിതരണ ശൃംഖലകളിലെ പ്രതിസന്ധികൾ മറികടന്ന് ഗൾഫ് നാടുകളിൽ ഭക്ഷ്യലഭ്യത സുരക്ഷിതമാക്കാൻ യുഎഇയും ടാൻസാനിയയും ചേർന്ന് പുതിയ കാർഷിക ഇടനാഴി ആരംഭിച്ചു.
അബുദാബിയിൽ നടക്കുന്ന ഗ്ലോബൽ ഫുഡ് സെക്യൂരിറ്റി സമ്മിറ്റിന്റെ ആദ്യ ദിനത്തിലാണ് ‘ടാൻസാനിയ-യുഎഇ ഗ്രീൻ സിൽക്ക് റോഡ്’ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേവലമൊരു ഉഭയകക്ഷി വ്യാപാരത്തിനപ്പുറം കാർഷിക ഉൽപ്പാദനം, സംഭരണം, സംസ്കരണം, കോൾഡ് സ്റ്റോറേജ് ലോജിസ്റ്റിക്സ് എന്നിവയെ ഒരൊറ്റ ശൃംഖലയായി ബന്ധിപ്പിക്കുന്നതാണ് ഈ കരാർ.
അബുദാബി നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റും (ADID) ടാൻസാനിയ മെർക്കന്റൈൽ എക്‌സ്‌ചേഞ്ചും (TMX) ടാൻസാനിയൻ കാർഷിക പങ്കാളികളുമാണ് സംയുക്ത പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ഭക്ഷ്യസുരക്ഷ എന്നത് കേവലം ഉൽപ്പാദനത്തിന്റെ കാര്യം മാത്രമല്ലെന്നും, വിളവെടുപ്പുമുതൽ വിപണിയിലെത്തുന്നതുവരെയുള്ള ഘട്ടങ്ങൾ സുരക്ഷിതമാക്കലാണ് പ്രധാനമെന്നും എഡിഐഡി ചീഫ് എക്സിക്യൂട്ടീവ് ശംസ അൽ ഫഹീം ഉച്ചകോടിയിൽ വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന നിക്ഷേപ-വാണിജ്യ ചട്ടക്കൂടാണ് ഗ്രീൻ സിൽക്ക് റോഡിലൂടെ നടപ്പാക്കുന്നത്.
ഗൾഫ് മേഖലയുടെ ഭാവി ഭക്ഷ്യശേഖരമായി മാറാനുള്ള വിഭവസമൃദ്ധി ടാൻസാനിയയ്ക്കുണ്ടെന്ന് ടിഎംഎക്സ് സിഇഒ ഗോഡ്ഫ്രെ മലെകാനോ പറഞ്ഞു. സഹായം സ്വീകരിക്കുന്നതിന് പകരം, സംയുക്ത നിക്ഷേപങ്ങളിലൂടെയും സാങ്കേതിക വികസനത്തിലൂടെയും വിപണി കണ്ടെത്താനാണ് രാജ്യം മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
70-ലധികം രാജ്യങ്ങളിൽനിന്നുള്ള 20-ലേറെ മന്ത്രിമാരും 350 സിഇഒമാരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനവും ആഗോള വിതരണ പ്രതിസന്ധികളും ഉയർത്തുന്ന വെല്ലുവിളികൾ ചർച്ചയായി. ആഗോളതലത്തിൽ കാലാവസ്ഥാ ഫണ്ടിംഗിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ചെറുകിട കർഷകരിലേക്ക് എത്തുന്നതെന്നും സ്വകാര്യ മൂലധന നിക്ഷേപം ആകർഷിക്കാൻ സമ്മിശ്ര ധനസഹായ മാതൃകകൾ അനിവാര്യമാണെന്നും ഐഫാഡ് (IFAD) പ്രതിനിധികൾ ചൂണ്ടിക്കാട്ടി.










