ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിൽ നിർണായക തീരുമാനങ്ങൾ; ഇൻഡോ-ബ്രസീൽ സഹകരണത്തിന് വഴിതുറന്ന് യുഎഇ
ജയ്പൂർ, ഇന്ത്യ:ഇന്ത്യയുടെ അധ്യക്ഷതയിൽ ജയ്പൂരിൽ സമാപിച്ച ബ്രിക്‌സ് ടൂറിസം മന്ത്രിമാരുടെ ഉച്ചകോടിയിൽ ‘ജയ്പൂർ പ്രഖ്യാപനത്തിന്’ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുഎഇ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സുസ്ഥിര വിനോദസഞ്ചാരം, സഹകരണം, നൈപുണ്യ വികസനം എന്നിവ ആധാരമാക്കിയാണ് പുതിയ നയരേഖയ്ക്ക് രൂപം നൽകിയിരിക്കുന്നത്.
ഉച്ചകോടിയിൽ എക്കണോമി ആൻഡ് ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറിയുടെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധി സംഘം പങ്കെടുത്തു. അംഗരാജ്യങ്ങൾക്കിടയിൽ അനുഭവ സമ്പത്തും മികച്ച പ്രവർത്തന മാതൃകകളും പങ്കുവെക്കുന്നതിനായി ‘ബ്രിക്സ് ടൂറിസം സൊല്യൂഷൻസ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോം’ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തെ യുഎഇ സ്വാഗതം ചെയ്തു.
“കേവലം വിനോദസഞ്ചാരികളുടെ യാത്ര മാത്രമല്ല ടൂറിസം മേഖല. നിക്ഷേപം വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ മേഖല നിർണായക പങ്കുവഹിക്കുന്നുണ്ട്,” യുഎഇ മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
ടൂറിസം മാനേജ്‌മെന്റ്, വിവർത്തന സൗകര്യങ്ങൾ, യാത്ര എളുപ്പമാക്കൽ എന്നിവയിൽ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ യോഗം ധാരണയായി. ഇതിന് പുറമെ സാംസ്കാരിക, പൈതൃക സംരക്ഷണം, വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കും മുൻഗണന നൽകും.
ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്, ബ്രസീൽ ടൂറിസം മന്ത്രി ഗുസ്താവോ കോസ്റ്റ ഫെലിസിയാനോ എന്നിവരുമായി അബ്ദുള്ള ബിൻ തൗഖ് അൽ മർറി ഉഭയകക്ഷി ചർച്ചകൾ നടത്തി. വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിനും സംയുക്ത ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിനും രാജ്യങ്ങൾ ധാരണയിലെത്തി.










