ജെബൽ അൽ ബുഹൈസിലെയും അൽ ഐനിലെയും കണ്ടെത്തലുകൾക്ക് പുറമേ ഐസെസ്കോയുടെ പൈതൃക പട്ടികയിൽ അഞ്ച് എമിറാത്തി കേന്ദ്രങ്ങളും ഇടംപിടിച്ചു
അബുദാബി:യുഎഇയിൽ 2026-ൽ നടന്ന പുരാവസ്തു ഗവേഷണങ്ങളിലും ഉദ്ഖനനങ്ങളിലും അറേബ്യൻ ഉപദ്വീപിന്റെ പൗരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക വിവരങ്ങൾ പുറത്തുവന്നു. മുൻകാല പ്രാചീന മാനവ സംസ്‌കാരങ്ങളെയും വെങ്കലയുഗത്തിലെ വ്യാപാര ബന്ധങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയ തെളിവുകളാണ് പുതുതായി കണ്ടെത്തപ്പെട്ടിരിക്കുന്നത്.
ഷാർജയിലെ ജെബൽ അൽ ബുഹൈസിൽ 60,000 മുതൽ 16,000 വർഷങ്ങൾ മുൻപ് വരെ മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് മാർച്ച് 2026-ൽ ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കിയിരുന്നു. കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെയും വരൾച്ചയെയും അതിജീവിച്ച് മനുഷ്യർ ഇവിടെ കഴിഞ്ഞിരുന്നുവെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്. പ്രദേശത്തെ പുരാവസ്തു ഗവേഷണങ്ങൾ കൂടുതൽ ഊർജിതമാക്കാൻ ജെബൽ ഫയയിലെ പര്യവേഷണങ്ങൾക്ക് 2026 മുതൽ 2028 വരെയുള്ള കാലയളവിലേക്ക് 20 ലക്ഷം ദിർഹത്തിന്റെ പുതിയ ഗവേഷണ ഗ്രാന്റും അനുവദിച്ചിട്ടുണ്ട്.
അൽ ഐനിലെ ഖത്താറ ശ്മശാന ഭൂമിയിൽ നിന്ന് വാദി സൂഖ് – പിൽക്കാല വെങ്കലയുഗ (ക്രി.പൂ. 2000–1300) കാലഘട്ടത്തിലെ പ്രധാനപ്പെട്ട കൂട്ടുശവകുടീരം ജൂലൈയിലാണ് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് കണ്ടെത്തിയത്. അതിനും മുൻപുള്ള ഉമ്മുൽ നാർ കാലഘട്ടത്തിലെ (ക്രി.പൂ. 2700–2000) കൊത്തുപണികളുള്ള കല്ലുകൾ ഉപയോഗിച്ചാണ് 11 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ള ഈ ശവകുടീരം നിർമ്മിച്ചിരിക്കുന്നത്.
നൂറ്റാണ്ടുകളോളം ഉപയോഗിച്ചിരുന്ന ഈ കല്ലറയിൽ നിന്ന് മൺപാത്രങ്ങൾ, വെങ്കല ആയുധങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കൊപ്പം നൂറുകണക്കിന് മനുഷ്യശേഷിപ്പുകളും കണ്ടെടുത്തു. ഇവയിൽ നടത്തുന്ന ഡിഎൻഎ, ഐസോടോപ്പ് പരിശോധനകൾ വഴി പഴയകാലത്തെ വ്യാപാര പാതകൾ, മനുഷ്യരുടെ ഭക്ഷണരീതി, ദേശാന്തര ഗമനങ്ങൾ എന്നിവ സംബന്ധിച്ച് പുതിയ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011-ൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച അൽ ഐനിലെ സാംസ്കാരിക കേന്ദ്രങ്ങൾക്ക് കൂടുതൽ മൂല്യം നൽകുന്നതാണ് ഈ കണ്ടെത്തൽ.
അതിനിടെ, യുഎഇയിലെ അഞ്ച് ചരിത്രകേന്ദ്രങ്ങളെ ഇസ്ലാമിക് വേൾഡ് എഡ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (ICESCO) പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
ദുബായിലെ പ്രാചീന ലോഹ നിർമ്മാണ കേന്ദ്രമായ സാറുഖ് അൽ ഹദീദ്, ഷാർജയിലെ ജെബൽ ഫയ, ഖോർഫക്കാൻ കോട്ടകളും ഗോപുരങ്ങളും, വാദി അൽ ഹെലു, നഹ്‌വ എന്നിവയാണ് പട്ടികയിൽ ഇടംനേടിയത്. നഹ്‌വയിലെ പാറകളിൽ കൊത്തിവെച്ച പ്രാചീന ചിത്രങ്ങൾ 3D ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നിലവിൽ രേഖപ്പെടുത്തിവരുന്നുണ്ട്.





