നിർമ്മിത ബുദ്ധി ഉപയോഗിച്ച് സുരക്ഷ ശക്തമാക്കാൻ അബുദാബി കേന്ദ്രീകരിച്ച് ‘ടാസ്‌ക് ഫോഴ്‌സ് ടാലൻ സിനാപ്സ്’ ഉടൻ പ്രവർത്തനം ആരംഭിക്കും.
അബുദാബി — പ്രതിരോധ മേഖലയിൽ നിർമ്മിത ബുദ്ധിയുടെ (എഐ) പ്രവർത്തനം വേഗത്തിലാക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) അമേരിക്കൻ സെൻട്രൽ കമാൻഡും (സെന്റ്‌കോം) ചേർന്ന് ലോകത്തിലെ ആദ്യത്തെ സൈനിക എഐ ഉഭയകക്ഷി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നു.
‘ടാസ്‌ക് ഫോഴ്‌സ് ടാലൻ സിനാപ്സ്’ (Task Force Talon Synapse) എന്ന് പേരിട്ടിരിക്കുന്ന ഈ സംയുക്ത വിഭാഗം അബുദാബി ആസ്ഥാനമായാണ് പ്രവർത്തിക്കുക. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഇരുപതോളം വരുന്ന എഐ, ഡാറ്റാ സയൻസ്, സൈബർ സുരക്ഷാ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയാണ് ടീം സജ്ജമാക്കുന്നത്. വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ ടാസ്‌ക് ഫോഴ്‌സ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.
മിലിട്ടറി ഇന്റലിജൻസ് സംവിധാനങ്ങളിൽ എഐ സാങ്കേതികവിദ്യ സംയോജിപ്പിക്കുക, സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, മേഖലയിലെ സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുക എന്നിവയാണ് ഈ എഐ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സെന്റ്‌കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്‌യാനും തമ്മിൽ കഴിഞ്ഞ വർഷം നടന്ന ചർച്ചകളിലാണ് ഇത്തരമൊരു സംയുക്ത യൂണിറ്റ് എന്ന ആശയം ആദ്യമായി ഉരുത്തിരിഞ്ഞത്. തുടർന്ന് കഴിഞ്ഞ മാസം നടന്ന ഉന്നതതല കൂടിക്കാഴ്ചകളിൽ കരാറിന് അന്തിമരൂപമായി.
നവീകരണങ്ങൾ വേഗത്തിലും വിപുലമായും യുദ്ധമുഖത്ത് എത്തിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് സെന്റ്‌കോം കമാൻഡർ വ്യക്തമാക്കി. മേഖലയിലെ പ്രതിരോധ, സാങ്കേതിക മേഖലകളിൽ യുഎഇയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് പുതിയ നീക്കം.










