ദുബൈ: ദേശീയ മൂല്യങ്ങളും ദേശീയ സ്വത്വവും അടിസ്ഥാനമാക്കിയുള്ള നേതൃത്വശേഷി ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടിയുമായി ദുബായ്.ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബൈയും മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റുമായി സഹകരിച്ചു കൊണ്ട് -‘Leadership through Values and National Identity’ എന്ന പേരിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

രണ്ട് ബാച്ചുകളിലായി വകുപ്പ് ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ഓഫീസ് മാനേജർമാർ, ഷിഫ്റ്റ് സൂപ്പർവൈസർമാർ ഉൾപ്പെടെ 65 ഉദ്യോഗസ്ഥരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. നേതൃത്വ ആശയങ്ങൾ പ്രായോഗികമായി നടപ്പാക്കാൻ സഹായിക്കുന്ന പ്രഭാഷണങ്ങൾ, കേസ് സ്റ്റഡികൾ, പരിശീലന പ്രവർത്തനങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവയാണ് പരിപാടിയുടെ പ്രധാന ഘടകങ്ങൾ. സർക്കാർ പ്രവർത്തനരംഗത്തെ യാഥാർഥ്യങ്ങളുമായി നേതൃത്വ ആശയങ്ങളെ ബന്ധിപ്പിക്കുന്നതിനായി മുതിർന്ന നേതാവുമായുള്ള പ്രത്യേക സെഷനും ഒരുക്കിയിട്ടുണ്ട്.


നേതൃത്വ വികസനം സ്ഥാപനത്തിന്റെ ദൗത്യം കാര്യക്ഷമമായി നിർവഹിക്കാനുള്ള ശേഷിയിലേക്കുള്ള നിക്ഷേപമാണെന്ന് ജിഡിആർഎഫ്എ ദുബൈ ഡയറക്ടർ ജനറൽ ലഫ് :ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ദേശീയ മൂല്യങ്ങളെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഫലിപ്പിക്കുകയും ടീമുകളുടെ പ്രകടനവും സേവന നിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുന്ന നേതൃത്വമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ദേശീയ മൂല്യങ്ങളും ദേശീയ സ്വത്വവും നേതൃത്വത്തിന്റെ അടിസ്ഥാന തൂണുകളാണെന്നും അവ തീരുമാനമെടുക്കുന്നതിനും ഉത്തരവാദിത്തം നിർവഹിക്കുന്നതിനുമുള്ള മാർഗദർശകമാണെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യമാർന്ന ടീമുകളെ ഫലപ്രദമായി നയിക്കാനും സുസ്ഥിരമായ തന്ത്രപരമായ തീരുമാനങ്ങൾ കൈക്കൊള്ളാനും യുഎഇയുടെ മൂല്യങ്ങളെ തൊഴിൽമേഖലയിലും ഉപഭോക്തൃ അനുഭവത്തിലും പ്രാവർത്തികമാക്കാനും പരിശീലനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശീയ മൂല്യങ്ങളിൽ അധിഷ്ഠിതമായ നേതൃത്വത്തെ ശക്തിപ്പെടുത്താനുള്ള യുഎഇയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ് പരിപാടിയെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റ് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. അലി ബിൻ സെബാ അൽ മർറി പറഞ്ഞു.അക്കാദമിക് അറിവും പ്രായോഗിക പരിശീലനവും സംയോജിപ്പിച്ച് ഭാവിയിലെ സർക്കാർ ആവശ്യങ്ങൾ നേരിടാനും മികച്ച തീരുമാനങ്ങളെടുക്കാനും നേതാക്കളെ സജ്ജരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര വികസനം, ഹരിത സമ്പദ്‌വ്യവസ്ഥ, ഹരിത നവീകരണം, പരിസ്ഥിതി–സാമൂഹിക–സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ചുള്ള തന്ത്രപരമായ തീരുമാനമെടുക്കൽ എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. കൂടാതെ, വൈവിധ്യമാർന്ന തൊഴിൽ സാഹചര്യങ്ങളിൽ ഉൾക്കൊള്ളുന്ന നേതൃത്വം, ടീം വികസനം, ആശയവിനിമയം, സഹകരണം, നവീകരണം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു.മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റിൽ രണ്ട് ദിവസങ്ങളിലായി പ്രതിദിനം അഞ്ച് മണിക്കൂർ വീതമാണ് പരിശീലനം. ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരായ, മൂല്യങ്ങളും സുസ്ഥിരതയും അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കുന്ന നേതൃത്വത്തെ വളർത്തിയെടുക്കുന്നതിലൂടെ ജിഡിആർഎഫ്എ ദുബൈയുടെ സ്ഥാപന ശേഷിയും ഭാവി സജ്ജീകരണവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു










