യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഐഡി ഫ്രഷ് ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ വർധിക്കുന്നതിനിടെയാണ് പുതിയ നീക്കം.
ദുബായ് — സെപ്റ്റംബർ 2, 2026 : തങ്ങളുടെ ഉൽപ്പന്നങ്ങളിൽ യാതൊരുവിധ രാസവസ്തുക്കളോ കൃത്രിമ നിറങ്ങളോ ചേർക്കുന്നില്ലെന്ന് തെളിയിക്കുന്നതിനായി ഐഡി ഫ്രഷ് ഫുഡ് (iD Fresh Food) സഹസ്ഥാപകനും ഗ്ലോബൽ സിഇഒയുമായ പി.സി മുസ്തഫ ലൈ ഡിറ്റക്ടർ (പോളിഗ്രാഫ്) ടെസ്റ്റിന് വിധേയനായി.
ഇന്ത്യയിൽ നടന്ന ഒരു ബിസിനസ് മീറ്റിലാണ് ആയിരത്തിലധികം വരുന്ന സംരംഭകരെയും നിക്ഷേപകരെയും സാക്ഷിയാക്കി പി.സി മുസ്തഫ ഈ വേറിട്ട പരീക്ഷണത്തിന് തയ്യാറായത്. സംരംഭകനായ ദീപു ചന്ദ്രനായിരുന്നു പരിപാടിയുടെ അവതാരകൻ. പോളിഗ്രാഫ് മെഷീനുമായി ബന്ധിപ്പിച്ച ശേഷം ഐഡി ഉൽപ്പന്നങ്ങളുടെ ചേരുവകൾ, നിർമ്മാണ രീതികൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
“ഒരു ഭക്ഷ്യോൽപ്പന്ന കമ്പനിയെ സംബന്ധിച്ച് ലൈ ഡിറ്റക്ടർ ടെസ്റ്റിന് വിധേയനാകുന്നത് അൽപം കടന്നകൈയാണെന്ന് തോന്നാം. എന്നാൽ കുടുംബങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ സത്യസന്ധത ഉറപ്പാക്കേണ്ടതുണ്ട്,” പി.സി മുസ്തഫ പറഞ്ഞു. വീടുകളിലെ അടുക്കളകളിൽ ഭക്ഷണം പാകം ചെയ്യുന്ന അതേ രീതിയിലാണ് ഐഡി ഫ്രഷ് ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലാണ് പോളിഗ്രാഫ് ടെസ്റ്റ് നടന്നതെങ്കിലും, ഗൾഫ് മാർക്കറ്റുകളെ ലക്ഷ്യം വെച്ചാണ് കമ്പനി ഈ നീക്കം നടത്തിയിരിക്കുന്നത്. ഐഡി ഫ്രഷിന്റെ രാജ്യാന്തര ബിസിനസിന്റെ പ്രധാന ഹബ്ബാണ് യുഎഇ. കമ്പനിയുടെ ആഗോള വരുമാനത്തിന്റെ മൂന്നിലൊന്നും നിലവിൽ യുഎഇയിൽ നിന്നാണ് ലഭിക്കുന്നത്.
യുഎഇയിലെ ഉപഭോക്താക്കൾക്കിടയിൽ ആരോഗ്യകരവും രാസവസ്തു വിമുക്തവുമായ ഭക്ഷണങ്ങളോടുള്ള താല്പര്യം വർധിച്ചുവരികയാണ്. കമ്പനിയുടെ കണക്കുകൾ പ്രകാരം, ബെംഗളൂരുവിൽ 10 ശതമാനം ആളുകൾ പാക്ക് ചെയ്ത മാവ് വാങ്ങുമ്പോൾ, യുഎഇയിൽ ഇത് മൂന്നിൽ രണ്ട് ശതമാനമാണ്.
ഗൾഫ് മേഖലയിലെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ അത്യാധുനിക നിർമ്മാണ കേന്ദ്രവും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിനായി ഉൽപ്പന്നങ്ങളുടെ ചേരുവകൾ പാക്കറ്റിന്റെ മുൻവശത്ത് തന്നെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
2005-ൽ ബെംഗളൂരു ആസ്ഥാനമായി ആരംഭിച്ച ഐഡി ഫ്രഷ് ഫുഡ്, ഇന്ന് ഇന്ത്യ, യുഎഇ, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ഇഡ്‌ലി-ദോശ മാവ്, പൊറോട്ട, പനീർ, ഫിൽറ്റർ കോഫി ഡികോക്ഷൻ എന്നിവ വിതരണം ചെയ്യുന്നുണ്ട്. ഉൽപ്പന്നങ്ങളിലൊന്നും തന്നെ പ്രിസർവേറ്റീവുകളോ, കൃത്രിമ നിറങ്ങളോ, ഫ്ലേവറുകളോ ഉപയോഗിക്കുന്നില്ലെന്ന് കമ്പനി ഉറപ്പുനൽകുന്നു.










