ദുബായ്: സ്മാർട്ട് ഗേറ്റുകളിലോ, പാസ്‌പോർട്ട് കൗണ്ടറുകളിലോ ക്യൂ നിൽക്കാതെ തന്നെ എമിഗ്രേഷൻ യാത്രാനടപടികൾ പൂർത്തിയാക്കാൻ പുതിയ സംവിധാനവുമായി ദുബായ്. തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും എമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്രക്കാരുടെ അടുത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ‘ക്ലിക്ക് ആൻഡ് ട്രാവൽ’ (Click & Travel) എന്ന മൊബൈൽ എമിഗ്രേഷൻ സേവനം ദുബായ് വിമാനത്താവളങ്ങളിൽ ഔദ്യോഗികമായി ആരംഭിച്ചു.


ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3-ൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് ആഗോളതലത്തിൽ തന്നെ ആദ്യത്തേതായ ഈ നൂതന പദ്ധതിയുടെ
ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്
സാധാരണയായി യാത്രക്കാരാണ് എമിഗ്രേഷൻ കൗണ്ടറുകളിലേക്കും സ്മാർട്ട് ഗേറ്റുകളിലേക്കും പോകുന്നത്. എന്നാൽ ‘ക്ലിക്ക് ആൻഡ് ട്രാവൽ’ യാഥാർഥ്യമായതോടെ സേവനം തേടി യാത്രക്കാർ പോകുന്നതിന് പകരം, പോക്കറ്റ് വലിപ്പത്തിലുള്ള മൊബൈൽ ഉപകരണങ്ങളുമായി പാസ്‌പോർട്ട് കൺട്രോൾ ഉദ്യോഗസ്ഥർ യാത്രക്കാരുടെ അടുക്കലേക്ക് എത്തുകയാണ് ചെയ്യുന്നത്.
ജിഡിആർഎഫ്എ ദുബായിയുടെ കേന്ദ്രീകൃത ഡാറ്റാബേസുമായി ബന്ധിപ്പിച്ച സുരക്ഷിതമായ മൊബൈൽ ഉപകരണങ്ങളാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. അത്യാധുനിക ബയോമെട്രിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി യാത്രക്കാരന്റെ വിവരങ്ങളും തിരിച്ചറിയലും പരിശോധിച്ച് 12 മുതൽ 15 സെക്കൻഡിനുള്ളിൽ എൻട്രി-എക്സിറ്റ് നടപടികൾ പൂർത്തിയാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ഒഴുക്ക് പെട്ടെന്ന് വർധിക്കുന്ന സമയങ്ങളിൽ കൗണ്ടറുകളിൽ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ ഇത് വലിയ സഹായമാകും. നിശ്ചിത കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരെ കാത്തുനിൽക്കാതെ, കൂടുതൽ ആളുകൾ തടങ്ങിനിൽക്കുന്ന സ്ഥലങ്ങളിലേക്ക് ഉദ്യോഗസ്ഥരെ നേരിട്ടെത്തിച്ച് യാത്രാനടപടികൾ വേഗത്തിലാക്കാം.
വിമാനത്താവള ടീമുകൾക്ക് പ്രവർത്തന സമ്മർദം ഫലപ്രദമായി നേരിടാനും യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാനും ഇത് വഴിയൊരുക്കും. അടിയന്തര സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെയും സാങ്കേതിക വിഭവങ്ങളെയും വേഗത്തിൽ പുനർവിന്യസിക്കാനും ഈ മൊബൈൽ സംവിധാനം സൗകര്യമൊരുക്കുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയിലൂടെ ഓഗസ്റ്റ് 31 വരെ 31,373 ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കി. വിമാനത്താവളത്തിന്റെ യഥാർഥ പ്രവർത്തന സാഹചര്യങ്ങളിൽ പദ്ധതി നൂറുശതമാനം കാര്യക്ഷമമാണെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി.
ദുബായിൽ നിന്ന് പുറപ്പെടുന്ന യുഎഇ പൗരന്മാർ, താമസക്കാർ, സന്ദർശകർ ഉൾപ്പെടെയുള്ള എല്ലാവർക്കും നിലവിൽ ഈ സേവനം ലഭ്യമാണ്. എന്നാൽ ദുബായിൽ എത്തിച്ചേരുന്ന യാത്രക്കാരിൽ ആദ്യഘട്ടത്തിൽ യുഎഇ പൗരന്മാരെയും താമസക്കാരെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രവർത്തന ആവശ്യകത അനുസരിച്ച് ഭാവിയിൽ സർവീസ് കൂടുതൽ യാത്രക്കാരിലേക്ക് വ്യാപിപ്പിക്കും.
മനുഷ്യരെ വികസനപ്രക്രിയയുടെ കേന്ദ്രത്തിൽ നിർത്തി, അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി യാത്രക്കാരുടെ അനുഭവം തന്നെ പുനർനിർവചിക്കുകയാണ് ഞങ്ങൾ ചെയ്യുന്നതെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ് : ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.യാത്രക്കാർ സേവനം അന്വേഷിച്ച് വരുന്നതിന് പകരം സേവനം അവരുടെ അടുക്കലേക്ക് എത്തുന്നു.ദുബായിയുടെ ആഗോള നേതൃപാടവവും ഡിജിറ്റൽ മുന്നേറ്റവും കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് ലഫ് : ജനറൽ വ്യക്തമാക്കി.
പ്രവർത്തന സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാനും കാത്തിരിപ്പ് കേന്ദ്രങ്ങളിലെ സമ്മർദം കുറയ്ക്കാനും ഉയർന്ന സുരക്ഷാ നിലവാരം ഉറപ്പാക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ എയർ പോർട്ട്സ് മേജർ ജനറൽ തലാൽ അഹ്‌മദ് അൽ ശൻഖീത്തി വ്യക്തമാക്കി.
കേവലം ഒരു മൊബൈൽ ഉപകരണം എന്നതിലുപരി, ഇതിനു പിന്നിൽ സമഗ്രമായ ഡിജിറ്റൽ ഏകീകരണ സംവിധാനമാണ് പ്രവർത്തിക്കുന്നതെന്ന് ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ ഡിജിറ്റൽ സർവീസസ് കേണൽ എക്സ്പർട്ട് ഖാലിദ് ബിൻ മിദിയ അൽ ഫലാസിയും ചൂണ്ടിക്കാട്ടി.നിലവിൽ പ്രവേശന-പുറപ്പെടൽ നടപടികൾക്കായി ഉപയോഗിക്കുന്ന ഈ മൊബൈൽ പ്ലാറ്റ്‌ഫോമിലൂടെ ഭാവിയിൽ കൂടുതൽ യാത്രാ സേവനങ്ങൾ ലഭ്യമാക്കാനുള്ള പഠനങ്ങൾ നടന്നുവരികയാണ്. ദുബായിലെ ‘സ്മാർട്ട് പോർട്സ്’ സംവിധാനം കൂടുതൽ കരുത്തുറ്റതാക്കി മാറ്റുന്നതിന്റെയും, ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ഈ വിപ്ലവകരമായ ചുവടുവെപ്പെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു










