അഡിഹെക്സ് 2026 വേദിയിൽ ശ്രദ്ധേയമായി എക്തർ-ഐഎഫ്എച്ച്‌സി പങ്കാളിത്തം; 22 രാജ്യങ്ങളിലായി തുറന്നുവിട്ടത് 6.68 ലക്ഷത്തിലധികം ഹുബാറ പക്ഷികളെ.
അബുദാബി, സെപ്റ്റംബർ 8, 2026 : വംശനാശഭീഷണി നേരിടുന്ന ഹുബാറ പക്ഷികളുടെ സംരക്ഷണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ അവതരിപ്പിച്ച് അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ (അഡിഹെക്സ് 2026) ഇന്റർനാഷണൽ ഫണ്ട് ഫോർ ഹുബാറ കൺസർവേഷനും (ഐഎഫ്എച്ച്‌സി) എക്തർ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റും സാന്നിധ്യമറിയിച്ചു. യുഎഇ പ്രസിഡന്റായിരുന്ന അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 1977-ൽ തുടക്കമിട്ട പദ്ധതിയിലൂടെ ഇതുവരെ 11 ലക്ഷത്തിലധികം ഹുബാറകളെ പ്രജനനം നടത്തുകയും 6.68 ലക്ഷത്തിലധികം പക്ഷികളെ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് തുറന്നുവിടുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
അഡ്‌നെക് സെന്ററിൽ പത്ത് ദിവസം നീണ്ടുനിന്ന ഇരുപത്തിമൂന്നാമത് അഡിഹെക്സ് മേളയിൽ, അത്യാധുനിക നേത്ര-സ്കാനിംഗ് സാങ്കേതികവിദ്യയാണ് കൺസർവേഷൻ പവിലിയന്റെ പ്രധാന ആകർഷണമായത്. ഖലീഫ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് വികസിപ്പിച്ച ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി പക്ഷികളുടെ കണ്ണിലെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ഓരോന്നിനെയും വെവ്വേറെ രേഖപ്പെടുത്താൻ സാധിക്കും. കാലുകളിൽ പരമ്പരാഗതമായി ഘടിപ്പിക്കുന്ന വളയങ്ങൾക്ക് പകരമുള്ള പരീക്ഷണമാണിത്. പക്ഷികൾക്ക് പരിക്കേൽക്കാതെ അവയെ സുരക്ഷിതമായി തിരിച്ചറിയാൻ ഇതുവഴി സാധിക്കും.
ഹുബാറ സംരക്ഷണരംഗത്ത് പ്രവർത്തിക്കാൻ താല്പര്യമുള്ള സ്വദേശി ബ്രീഡർമാർക്കായി ‘ഹുബാറ ബ്രീഡേഴ്സ് സപ്പോർട്ട് ഇനിഷ്യേറ്റീവി’നും മേളയിൽ തുടക്കമായി. എക്തറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് സാങ്കേതിക പിന്തുണ ഐഎഫ്എച്ച്‌സി നൽകും. അബുദാബി നേച്ചർ അക്കാദമി വഴി ശാസ്ത്രീയ പരിശീലന ക്ലാസുകൾ നൽകി പ്രജനന മേഖലയിൽ സ്വദേശി പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.
സംരക്ഷണ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ അഡിഹെക്സ് മികച്ച വേദിയായെന്ന് ഐഎഫ്എച്ച്‌സി ആക്ടിങ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മൊത്താവ അൽ ദാഹിരി പറഞ്ഞു:
“കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ സംരക്ഷണ നേട്ടങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ അഡിഹെക്സ് അവസരമൊരുക്കി. ശാസ്ത്രം, നൂതന സാങ്കേതികവിദ്യ, ഉത്തരവാദിത്തമുള്ള ഇടപെടലുകൾ എന്നിവയിലൂടെ വന്യജീവി സംരക്ഷണം എങ്ങനെ വിജയകരമാക്കാം എന്ന് തെളിയിക്കാൻ സാധിച്ചു.”
മേളയുടെ ഭാഗമായി പത്തിലധികം സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഐഎഫ്എച്ച്‌സിയും എക്തറും ഒപ്പുവെച്ചു. അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ്ബ്, ഷാർജ യൂണിവേഴ്സിറ്റി, റെനെകോ, ഹിക് വിഷൻ തുടങ്ങി നിരവധി സർക്കാർ, സ്വകാര്യ, ഗവേഷണ സ്ഥാപനങ്ങളുമായാണ് സഹകരണം ശക്തമാക്കിയത്.
ആവാസവ്യവസ്ഥയിലെ അതിജീവനം നിരീക്ഷിക്കുന്നതിനായി ഇതുവരെ ആറായിരത്തിലധികം പക്ഷികളെ സാറ്റലൈറ്റ് ട്രാക്കിംഗിന് വിധേയമാക്കിയിട്ടുണ്ട്. വരുംവർഷങ്ങളിൽ പക്ഷികളുടെ അതിജീവന നിരക്ക് വർദ്ധിപ്പിക്കുന്നതിനും, ദേശാടന പാതകളും പ്രജനന കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിനുമുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.









