അൽ അരിഷിലെ ഫീൽഡ് പ്രവർത്തനങ്ങളിലും ദുരിതാശ്വാസ സാമഗ്രികളുടെ വിതരണ ശൃംഖലയിലും ‘ഫ്യൂച്ചർ ലീഡേഴ്‌സ് എംപവർമെന്റ് പ്രോഗ്രാം’ പ്രതിനിധികൾ നേരിട്ട് പങ്കാളികളാകും.
അൽ അരിഷ്, ഈജിപ്ത് —ഗസ്സയിലെ പലസ്തീൻ ജനതയ്ക്കായുള്ള യുഎഇയുടെ ദുരിതാശ്വാസ ദൗത്യമായ ‘ഓപ്പറേഷൻ ഷെവൽറസ് നൈറ്റ് 3’ ൽ പങ്കാളികളാകാൻ ‘ഫ്യൂച്ചർ ലീഡേഴ്‌സ് എംപവർമെന്റ് പ്രോഗ്രാമി’ന്റെ പ്രതിനിധി സംഘം ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലെത്തി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ആരംഭിച്ച ഓപ്പറേഷൻ ഷെവൽറസ് നൈറ്റ് 3-ന്റെ ഭാഗമായി നടക്കുന്ന സന്നദ്ധ-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംഘം നേരിട്ട് പങ്കെടുക്കും. അടിയന്തര സാഹചര്യങ്ങളിൽ ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിലും മാനുഷിക സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പ്രായോഗിക ഫീൽഡ് പരിചയം നൽകുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
അൽ അരിഷിലെ വെയർഹൗസുകളിൽ അവശ്യവസ്തുക്കൾ തരംതിരിക്കൽ, പാക്കിങ്, ദുരിതാശ്വാസ ട്രക്കുകളുടെ പരിശോധന, ഗസ്സയിലേക്കുള്ള ചരക്കുനീക്കം എന്നിവ ഉൾപ്പെടെയുള്ള ലോജിസ്റ്റിക് ഘട്ടങ്ങളെക്കുറിച്ച് പ്രതിനിധികൾ നേരിട്ട് മനസ്സിലാക്കും. ഫീൽഡ് പ്രവർത്തനങ്ങളിലൂടെ യുവതലമുറയിൽ സാമൂഹിക ഉത്തരവാദിത്തവും സന്നദ്ധ സേവന മനോഭാവവും വളർത്തിയെടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഗസ്സയിലെ ജനങ്ങൾക്കായി എയർലിഫ്റ്റുകൾ, കപ്പൽ മാർഗ്ഗമുള്ള സഹായങ്ങൾ, കുടിവെള്ള പ്ലാന്റുകൾ, ഫീൽഡ് ആശുപത്രികൾ എന്നിവ ഉൾപ്പെടെ വൻതോതിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഓപ്പറേഷൻ ഷെവൽറസ് നൈറ്റ് 3 വഴി യുഎഇ ഏകോപിപ്പിക്കുന്നത്.
രാജ്യത്തിന്റെ ജീവകാരുണ്യ പാരമ്പര്യം വരുംതലമുറയിലേക്ക് വ്യാപിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നയിക്കാൻ പ്രാപ്തരായ യുവ നേതൃത്വത്തെ വാർത്തെടുക്കാനും ഈ ഫീൽഡ് പരിശീലനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ ഫീൽഡ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും സംഘം മടങ്ങുക.








