ഹൾട്ട് ആഷ്റിഡ്ജുമായി സഹകരിച്ച് 12 മാസത്തെ പ്രത്യേക പരിശീലനം; 22 എമിറാത്തി ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു
ദുബായ്, സെപ്റ്റംബർ 8, 2026 : ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) തങ്ങളുടെ ഭാവി ഭരണനിർവഹണ നേതൃത്വത്തെ സജ്ജമാക്കുന്നതിനായുള്ള ‘അഡ്വാൻസ്ഡ് ലീഡർഷിപ്പ്’ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു.
ആഗോള പ്രശസ്തമായ ഹൾട്ട് ആഷ്റിഡ്ജ് എക്സിക്യൂട്ടീവ് എജ്യുക്കേഷനുമായി സഹകരിച്ചാണ് 12 മാസം നീളുന്ന സമഗ്ര നേതൃത്വ വികസന പദ്ധതി നടപ്പിലാക്കുന്നത്. അതോറിറ്റിയിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഡെപ്യൂട്ടി ഡയറക്ടർമാർ, സെക്ഷൻ മാനേജർമാർ എന്നിവരുൾപ്പെടെ 22 സ്വദേശി ഉദ്യോഗസ്ഥരാണ് പുതിയ ബാച്ചിൽ പരിശീലനം നേടുന്നത്.

ആർ.ടി.എയുടെ 2025–2030 ഹ്യൂമൻ റിസോഴ്‌സ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ ഉദ്യമം. സ്വദേശി പ്രൊഫഷണലുകളുടെ കാര്യക്ഷമത ഉയർത്തുക, തൊഴിലിടങ്ങളിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗവേണൻസ് രംഗത്തെ അന്താരാഷ്ട്ര മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പദ്ധതികൾ നടപ്പാക്കാൻ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടാം നിര, മൂന്നാം നിര പദവികളിലുള്ള ഉദ്യോഗസ്ഥരെ ഉയർന്ന തന്ത്രപ്രധാന ചുമതലകളിലേക്ക് എത്തിക്കാനാണ് മുൻഗണന നൽകുന്നതെന്ന് ആർ.ടി.എ കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസസ് സെക്ടറിലെ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഥാരി മുഹമ്മദ് വ്യക്തമാക്കി. ദുബായിയുടെ സുസ്ഥിര വികസനത്തിനും ഭരണമികവ് നിലനിർത്തുന്നതിനും പ്രാപ്തരായ സ്വദേശി പ്രതിഭകളെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും അവർ ചൂണ്ടിക്കാട്ടി.
തീരുമാനങ്ങൾ കൈക്കൊള്ളൽ, ഭാവി ആസൂത്രണം (ഫ്യൂച്ചർ ഫോർസൈറ്റ്), ഇന്നൊവേഷൻ, ചേഞ്ച് മാനേജ്‌മെന്റ്, സസ്റ്റൈനബിലിറ്റി തുടങ്ങിയ മേഖലകളിൽ ഊന്നിയുള്ളതാണ് സിലബസ്. ഉദ്യോഗസ്ഥരുടെ വ്യക്തിഗത-തൊഴിൽപരമായ വളർച്ച ഉറപ്പാക്കാൻ വിദഗ്ധരുടെ നേതൃത്വത്തിലുള്ള കോച്ചിംഗും മെന്ററിംഗ് സെഷനുകളും ഇതിലൂടെ നൽകും.
ഭരണനിർവഹണത്തിലും നയരൂപീകരണത്തിലും നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പങ്കെടുക്കുന്നവർക്കായി വിദേശ പഠന പര്യടനവും ക്രമീകരിച്ചിട്ടുണ്ട്. ലോകോത്തര തലത്തിൽ നിലനിൽക്കുന്ന എഐ, സ്മാർട്ട് മൊബിലിറ്റി സാങ്കേതികവിദ്യകൾ നേരിട്ട് മനസ്സിലാക്കാനും അവ ദുബായിലെ ഗതാഗത, നഗരവികസന പദ്ധതികളിൽ പ്രാവർത്തികമാക്കാനും ഈ പര്യടനം അവസരമൊരുക്കും.
പരിശീലനത്തിൽ നിന്ന് ലഭിക്കുന്ന അറിവുകൾ വെറും സിദ്ധാന്തങ്ങളിൽ ഒതുങ്ങാതെ അതത് വകുപ്പുകളിൽ പ്രായോഗിക പദ്ധതികളാക്കി മാറ്റണമെന്നാണ് വ്യവസ്ഥ. പ്രോഗ്രാമിന്റെ ഭാഗമായി ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന പ്രൊജക്ടുകളുടെ നടത്തിപ്പും പ്രവർത്തനക്ഷമതയും നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിലയിരുത്തുമെന്നും ആർ.ടി.എ അറിയിച്ചു.










