ചരിത്രപ്രസിദ്ധമായ വില്ല ബോർസിഗിൽ സ്വീകരിച്ച് ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമെയർ; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കും
ബർലിൻ — യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി. ബർലിനിലെ ചരിത്രപ്രസിദ്ധമായ വില്ല ബോർസിഗിൽ ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമെയർ അദ്ദേഹത്തെ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു.
ടെഗൽ തടാകതീരത്തെ വില്ല ബോർസിഗിലേക്ക് പ്രസിഡന്റിന്റെ വാഹനവ്യൂഹം എത്തിയതോടെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ജർമ്മനി യുഎഇ ഭരണാധികാരിയെ വരവേറ്റത്. ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിച്ച ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് സൈനിക നിരയെ പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു.
തുടർന്ന് വില്ലയിലെ വിഐപി സന്ദർശക പുസ്തകത്തിൽ ഷെയ്ഖ് മുഹമ്മദ് ഒപ്പുവെച്ചു. പതിറ്റാണ്ടുകളായുള്ള സൗഹൃദവും ശക്തമായ സഹകരണവുമാണ് യുഎഇയും ജർമ്മനിയും തമ്മിലുള്ളതെന്ന് അദ്ദേഹം കുറിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്താൻ സന്ദർശനം വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും യുഎഇ പ്രസിഡന്റിനൊപ്പമുണ്ട്.
സ്വീകരണ ചടങ്ങിന് ശേഷം ജർമ്മൻ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഷെയ്ഖ് മുഹമ്മദിന് പരിചയപ്പെടുത്തി. ഊർജ്ജം, സാമ്പത്തികം, നയതന്ത്രം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന ചർച്ചകൾ സന്ദർശനത്തിന്റെ ഭാഗമായി നടക്കും.










