കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനം കുറഞ്ഞെങ്കിലും ഉയർന്ന ഗുണനിലവാരം; ജിസിസിയിലുടനീളം രുചിമേളകൾ സംഘടിപ്പിച്ച് ഇന്റർഫെൽ
ദുബായ്, യുഎഇ :യൂറോപ്പിലെ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വിളവെടുത്ത പുതിയ സീസണിലെ ഫ്രഞ്ച് ആപ്പിളുകൾ യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമായിത്തുടങ്ങി. ഉപഭോക്താക്കൾക്കായി പ്രത്യേക രുചിമേളകളും വിപണിയിൽ ആരംഭിച്ചിട്ടുണ്ട്.
ഗാല, ഗ്രാനി സ്മിത്ത്, പിങ്ക് ലേഡി, റൂബിസ് ഗോൾഡ്, കിസബെൽ, ജൂലിയറ്റ് തുടങ്ങി വിവിധ രുചികളിലുള്ള ഫ്രഞ്ച് ആപ്പിളുകളാണ് ഗൾഫ് വിപണിയിലെത്തിയിരിക്കുന്നത്. ലഘുഭക്ഷണമായും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന വ്യത്യസ്ത ഇനങ്ങൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.
കഴിഞ്ഞ സീസണിൽ യൂറോപ്പിലുടനീളം കർഷകർ വലിയ കാലാവസ്ഥാ വെല്ലുവിളികൾ നേരിട്ടിരുന്നു. അതിശൈത്യത്തിന് പിന്നാലെയെത്തിയ കനത്ത ചൂടും വരൾച്ചയും ഉത്പാദനത്തെ ബാധിച്ചു. വേൾഡ് ആപ്പിൾ ആൻഡ് പിയർ അസോസിയേഷന്റെ (WAPA) കണക്കനുസരിച്ച് യൂറോപ്യൻ യൂണിയനിലെ ആകെ ആപ്പിൾ ഉത്പാദനം 9.496 ദശലക്ഷം ടണ്ണായും ഫ്രാൻസിലെ ഉത്പാദനം 1.162 ദശലക്ഷം ടണ്ണായും ചുരുങ്ങുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, വിളവെടുപ്പ് അളവിൽ കുറവുണ്ടായെങ്കിലും കനത്ത വേനൽ പഴങ്ങളിലെ സ്വാഭാവിക പഞ്ചസാരയുടെ അളവ് വർധിപ്പിച്ചതായി കൃഷി വിദഗ്ധർ വ്യക്തമാക്കുന്നു. ഇത് ആപ്പിളിന്റെ രുചിയും മധുരവും ഗണ്യമായി കൂട്ടിയിട്ടുണ്ട്.
“ഉയർന്ന താപനിലയും വരൾച്ചയും കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്,” ഫ്രഞ്ച് ഫ്രഷ് ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ ഇന്റർബ്രാഞ്ച് അസോസിയേഷൻ (ഇന്റർഫെൽ) പ്രസിഡന്റും ചരന്തെയിലെ കർഷകനുമായ ഡാനിയൽ സോവൈത്രെ പറഞ്ഞു. “എന്നാൽ ഈ വർഷത്തെ വിളവിന്റെ പ്രധാന സവിശേഷത ഉയർന്ന അളവിലുള്ള പഞ്ചസാരയാണ്. ഇത് മികച്ച രുചിയും മികച്ച അനുഭവവും ഉപഭോക്താക്കൾക്ക് സമ്മാനിക്കും.”
പരമ്പരാഗത കൃഷിരീതികളും ആധുനിക പരിപാലനവും സംയോജിപ്പിച്ചാണ് തോട്ടങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിൽ നിന്ന് ഇത്തവണ 221,000 ടൺ ഗാല ആപ്പിളുകളും 167,000 ടൺ പിങ്ക് ലേഡി ആപ്പിളുകളും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്രഞ്ച് പഴം-പച്ചക്കറി കയറ്റുമതിയിൽ ഗൾഫ് രാജ്യങ്ങൾ നിർണായക പങ്കുവഹിക്കുന്നു. ഫ്രാൻസ് അഗ്രിമെർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2025-ൽ യുഎഇയിലേക്ക് ഇറക്കുമതി ചെയ്ത പഴങ്ങളുടെയും പച്ചക്കറികളുടെയും ആകെ മൂല്യം 5.2 ബില്യൺ യൂറോയാണ്. ഇത് രാജ്യത്തിന്റെ മൊത്തം കാർഷിക-ഭക്ഷ്യ ഇറക്കുമതിയുടെ 20.9 ശതമാനം വരും.
ഗൾഫ് വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘യൂറോപ്യൻ ഫ്രൂട്ട്സ് & വെജ് ഗ്രോൺ വിത്ത് കെയർ’ എന്ന ക്യാമ്പയിന് കീഴിൽ വ്യാപാര കേന്ദ്രങ്ങളിൽ ആപ്പിൾ രുചിച്ചറിയാനുള്ള അവസരവും പാചക വിദഗ്ധരെ അണിനിരത്തിയുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഓരോ ഇനത്തിന്റെയും വ്യത്യാസങ്ങളും ഉപയോഗങ്ങളും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
ശീതകാല അവധിക്കാലത്തിന് മുന്നോടിയായി എത്തുന്ന പുതിയ വിളവിന് ജിസിസി വിപണിയിൽ മികച്ച സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് കർഷക കൂട്ടായ്മകൾ.










