അപ്രതീക്ഷിത ചികിത്സാ ചെലവുകളും തിരിച്ചെത്തിക്കാനുള്ള സാമ്പത്തിക ബാധ്യതയും ഒഴിവാക്കാൻ നിർദേശം നൽകി അബുദാബി എംബസിയും ദുബായ് കോൺസുലേറ്റും
അബുദാബി : അപ്രതീക്ഷിത രോഗബാധയോ അപകടങ്ങളോ ഉണ്ടായാൽ വലിയ ചികിത്സാ ചെലവുകൾ വരുന്നത് ഒഴിവാക്കാൻ യുഎഇയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും മതിയായ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും നിർദേശിച്ചു.
യുഎഇയിൽ താമസിക്കുന്നവരും സന്ദർശക വിസയിലെത്തുന്നവരുമായ സ്വദേശികൾക്ക് കൃത്യമായ ഇൻഷുറൻസ് പരിരക്ഷയില്ലാത്തത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന സാഹചര്യത്തിലാണ് നയതന്ത്ര കാര്യാലയങ്ങൾ സംയുക്ത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അത്യാഹിത വിഭാഗത്തിലെ ചികിത്സാ ചെലവുകൾ പലപ്പോഴും രോഗിയുടെയോ ബന്ധുക്കളുടെയോ സാമ്പത്തിക ശേഷിക്ക് താങ്ങാൻ കഴിയാത്തവിധം ഉയരുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
സന്ദർശക വിസയിലെത്തുന്നവർ യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ അത്യാഹിത ചികിത്സയ്ക്കും ആശുപത്രി വാസത്തിനും പരിരക്ഷ നൽകുന്ന ഇൻഷുറൻസ് എടുക്കണം. രോഗാവസ്ഥ ഗുരുതരമായാൽ വിദഗ്ധ പരിചരണത്തോടെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള മെഡിക്കൽ റിപാട്രിയേഷൻ ചെലവുകൾ കൂടി ഉൾപ്പെടുന്നതാണോ പോളിസിയെന്ന് പ്രത്യേകം പരിശോധിക്കണമെന്നും നിർദേശമുണ്ട്.
തൊഴിൽ വിസയിലും ആശ്രിത വിസയിലും യുഎഇയിൽ കഴിയുന്നവർ നിലവിലുള്ള ഇൻഷുറൻസ് കാർഡുകളുടെ കാലാവധിയും പരിരക്ഷാ പരിധികളും പുനഃപരിശോധിക്കണം. യുഎഇ നിയമപ്രകാരം തൊഴിലുടമകൾ ജീവനക്കാർക്ക് ഇൻഷുറൻസ് നൽകുന്നുണ്ടെങ്കിലും, അടിസ്ഥാന പോളിസികളിലെ പരിധി തീർന്നുപോകുന്നതോ പ്രത്യേക ചികിത്സകൾക്ക് കവറേജ് ഇല്ലാത്തതോ പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ രോഗികളെ എയർ ആംബുലൻസിലോ സ്ട്രെച്ചറിലോ നാട്ടിലെത്തിക്കാൻ വലിയ തുക ആവശ്യമായി വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങൾ പ്രവാസി കൂട്ടായ്മകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടേണ്ട അവസ്ഥ ഒഴിവാക്കാനാണ് മുൻകൂട്ടിയുള്ള ഇൻഷുറൻസ് പരിശോധന നിർബന്ധമാക്കാൻ എംബസി ആവശ്യപ്പെടുന്നത്.










