യാത്രാവിലക്ക് പരിശോധന, കാണാതായ വസ്തുക്കൾ കണ്ടെത്തൽ, സൈബർ സുരക്ഷ എന്നിവ മുൻനിർത്തി ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ പ്രത്യേക പ്രദർശനം
ദുബായ്, സെപ്റ്റംബർ 14, 2026 : അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം 2026) വിനോദസഞ്ചാരികളുടെ സുരക്ഷയും സേവനങ്ങളും മുൻനിർത്തിയുള്ള അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ പ്രദർശിപ്പിച്ച് ദുബായ് പോലീസ്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച രാജ്യാന്തര യാത്രാമേളയിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ടൂറിസ്റ്റ് പോലീസ് വിഭാഗമാണ് പ്രത്യേക പവലിയൻ ഒരുക്കിയിരിക്കുന്നത്. എമിറേറ്റിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും ടൂറിസം മേഖലയിലെ പങ്കാളികളുമായി സഹകരണം കൂടുതൽ ശക്തമാക്കാനുമാണ് പോലീസ് ലക്ഷ്യമിടുന്നത്.
സന്ദർശകർക്കായി സജ്ജീകരിച്ചിട്ടുള്ള വിവിധ ഡിജിറ്റൽ സേവനങ്ങൾ നേരിട്ട് പരിചയപ്പെടാൻ പവലിയനിൽ അവസരമുണ്ട്. ദുബായ് പോലീസ് സ്മാർട്ട് ആപ്പ്, പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാനുള്ള ‘പോലീസ് ഐ’ (Police Eye), സന്ദർശകരുടെ പരാതികളും ആവശ്യങ്ങളും വേഗത്തിൽ പരിഹരിക്കുന്ന ടൂറിസ്റ്റ് സപ്പോർട്ട് സർവീസ്, യാത്രാവിലക്കുകൾ ഉണ്ടോയെന്ന് പരിശോധിക്കാനുള്ള ഓൺലൈൻ സംവിധാനം, ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും നഷ്ടപ്പെടുന്ന വസ്തുക്കൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന സ്മാർട്ട് ലോസ്റ്റ് ആൻഡ് ഫൗണ്ട് സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
രാജ്യാന്തര പ്രാധാന്യമുള്ള പ്രദർശനങ്ങളിലെ സാന്നിധ്യം സഞ്ചാരികളുമായും ടൂറിസം രംഗത്തെ പ്രമുഖരുമായും നേരിട്ട് ആശയവിനിമയം നടത്താൻ സഹായിക്കുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ ഹാജിരി വ്യക്തമാക്കി. ടൂറിസം മേഖലയുടെ സുരക്ഷിത വളർച്ചയ്ക്ക് വകുപ്പുകൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രദർശനത്തിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേക ബോധവൽക്കരണ പരിപാടികളും പോലീസ് ഒരുക്കിയിട്ടുണ്ട്. യാത്രാവേളകളിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, വ്യാജ ബുക്കിംഗുകൾ എന്നിവ എങ്ങനെ പ്രതിരോധിക്കാമെന്ന് വിദഗ്ധ ഉദ്യോഗസ്ഥർ വിശദീകരിക്കും. ഇതോടൊപ്പം ഇസ്ആദ് (Esaad) കാർഡ് സെന്ററിന്റെ വിവിധ സേവനങ്ങളും ഓഫറുകളും പവലിയനിൽ പരിചയപ്പെടുത്തുന്നുണ്ട്.
വിനോദസഞ്ചാരികൾക്ക് പോലീസ് സ്റ്റേഷനുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സ്മാർട്ട് ആപ്പുകൾ വഴി സുരക്ഷയും സഹായവും ഉറപ്പാക്കുന്ന മുൻകരുതൽ സമീപനമാണ് ദുബായ് പോലീസിന്റേതെന്ന് ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുൽറഹ്മാൻ പറഞ്ഞു.










