സ്മാർട്ട് സിറ്റിയിലെ ലുലു ഐടി ട്വിൻ ടവേഴ്സിൽ ആരംഭിച്ച കേന്ദ്രം ഗൾഫ് നാടുകളിലെയും ആഗോള വിപണിയിലെയും സൈബർ സുരക്ഷാ സേവനങ്ങളുടെ പ്രധാന ഹബ്ബാകും.
കൊച്ചി —യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ സൈബർ ഷെൽട്ടർ, ആഗോള പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചി കാക്കനാട് സ്മാർട്ട് സിറ്റിയിൽ പുതിയ ഗ്ലോബൽ ഡെലിവറി സെന്ററും (GDC) സൈബർ സെക്യൂരിറ്റി സെന്റർ ഓഫ് എക്‌സലൻസും (CoE) തുറന്നു.
സ്മാർട്ട് സിറ്റിയിലെ ലുലു ഐടി ട്വിൻ ടവേഴ്‌സിൽ സജ്ജീകരിച്ച ഈ കേന്ദ്രം വ്യാഴാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെയും ഇന്ത്യയിലെയും വിവിധ അന്താരാഷ്ട്ര വിപണികളിലെയും മുൻനിര സ്ഥാപനങ്ങൾക്ക് ആവശ്യമായ സാങ്കേതിക സേവനങ്ങളും സോഫ്റ്റ്‌വെയർ ഗവേഷണങ്ങളും കൊച്ചി കേന്ദ്രീകരിച്ചാകും ഇനി ഏകോപിപ്പിക്കുക.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഗ്ലോബൽ സൈബർ ഡിഫൻസ് സെന്റർ (CDC), സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ (SOC), കൃത്രിമബുദ്ധി (AI) അധിഷ്ഠിത റിസ്ക് ആൻഡ് കംപ്ലയൻസ് സംവിധാനങ്ങൾ, ത്രെറ്റ് ഇന്റലിജൻസ് ലാബുകൾ എന്നിവ പുതിയ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ബാങ്കിങ്, സർക്കാർ സംവിധാനങ്ങൾ, ഊർജ്ജ-ഗതാഗത മേഖലകൾ എന്നിവയിലെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കേന്ദ്രം മുൻഗണന നൽകുന്നത്.
ഭരണനിർവഹണവും വ്യവസായ മേഖലകളും പൂർണ്ണമായും വിവരസാങ്കേതികവിദ്യയെ ആശ്രയിക്കുന്ന പുതിയ കാലത്ത് ശക്തമായ സൈബർ പ്രതിരോധം അനിവാര്യമാണെന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ ചൂണ്ടിക്കാട്ടി. കൃത്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഡിജിറ്റൽ ഭരണസംവിധാനങ്ങൾക്ക് മുന്നോട്ട് പോകാനാകില്ലെന്നും ചടങ്ങിൽ പരാമർശമുണ്ടായി.
നിലവിൽ ഗൾഫ് മേഖലയിലും ഇന്ത്യയിലുമായി നൂറിലധികം വൻകിട കോർപ്പറേറ്റ് ഉപഭോക്താക്കളാണ് സൈബർ ഷെൽട്ടറിനുള്ളത്. ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC), ഐഎസ്ഒ, ക്രെസ്റ്റ് (CREST) തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളുടെ അംഗീകാരമുള്ള കമ്പനി, ഇതുവരെ എഴുനൂറിലധികം സുപ്രധാന സൈബർ സുരക്ഷാ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. ദുബായിൽ നടന്ന ജിസെക് (GISEC) ഗ്ലോബൽ എക്സ്പോയിൽ കമ്പനി പുറത്തിറക്കിയ ജിആർസി ഷെൽട്ടർ (GRCShelter) പ്ലാറ്റ്‌ഫോമിന്റെ തുടർ വികസനവും കൊച്ചിയിലെ ഗവേഷണ വിഭാഗം വഴിയാകും നടക്കുക.
ആഗോള കാഴ്ചപ്പാടോടെ പ്രാദേശിക പ്രതിഭകളെ അണിനിരത്തി ഏറ്റവും മികച്ച സൈബർ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൈബർ ഷെൽട്ടർ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ ഇല്ല്യാസ് കൂളിയങ്കൽ വ്യക്തമാക്കി. യുഎഇയിലെ കോർപ്പറേറ്റ് സാന്നിധ്യവും കൊച്ചിയിലെ സാങ്കേതിക വിഭവങ്ങളും ഒത്തുചേരുമ്പോൾ ആഗോളതലത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ കരുത്തുറ്റ സേവനങ്ങൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.










