സെൻട്രൽ യൂറോപ്യൻ അറേബ്യൻ ഡെർബിക്കൊപ്പം നടക്കുന്ന ഗ്രൂപ്പ് 3 പോരാട്ടത്തിൽ സമ്മാനത്തുക രണ്ട് ലക്ഷം യൂറോ.
വാർസോ, പോളണ്ട് : യുഎഇ പ്രസിഡന്റ്സ് കപ്പ് പ്യുവർബ്രെഡ് അറേബ്യൻ കുതിരപ്പന്തയത്തിന്റെ 33-ാം പതിപ്പിന്റെ യൂറോപ്യൻ ഘട്ടത്തിന് പോളണ്ടിലെ വാർസോ സ്ലൂഷെവിറ്റ്സ് (Służewiec) റേസ്‌കോഴ്‌സിൽ ഞായറാഴ്ച സമാപനമാകും. പര്യടനത്തിലെ പതിനഞ്ചാം ഘട്ടത്തിൽ 11 പ്രമുഖ അറേബ്യൻ കുതിരകളാണ് അങ്കത്തട്ടിലിറങ്ങുന്നത്.
സെൻട്രൽ യൂറോപ്യൻ അറേബ്യൻ ഡെർബിയുടെ ഭാഗമായി നടക്കുന്ന ഈ ഗ്രൂപ്പ് 3 പോരാട്ടത്തിൽ രണ്ട് ലക്ഷം യൂറോയാണ് (ഏകദേശം 1.85 കോടി രൂപ) ആകെ സമ്മാനത്തുക. നാല് വയസ്സുള്ള പ്യുവർബ്രെഡ് അറേബ്യൻ കുതിരകൾക്കായി മാറ്റിവെച്ചിരിക്കുന്ന മത്സരം 2,000 മീറ്റർ ടർഫിലാണ് നടക്കുന്നത്. യുഎഇ സമയം ഞായറാഴ്ച വൈകുന്നേരം 7:42-നാണ് (പ്രാദേശിക സമയം വൈകിട്ട് 5:42) കുതിരകൾ സ്റ്റാർട്ടിങ് ഗേറ്റിലെത്തുക.
ഖത്തർ ഉടമസ്ഥതയിലുള്ള കുതിരകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് മത്സരത്തിലെ പ്രധാന ആകർഷണം. ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ താനിയുടെ ഫാറൂഖ് അൽ ഷഹാനിയയും വാത്നാൻ റേസിംഗിന്റെ കദ്ദയും തമ്മിലാണ് പ്രധാന മത്സരം. സാവിയർ തോമസ്-ഡിമോൾട്ട് പരിശീലിപ്പിക്കുന്ന ഫാറൂഖ് അൽ ഷഹാനിയയെ ഹ്യൂഗോ മൗസാനും, അൽബാൻ ഡി മിയോളിന്റെ ശിക്ഷണത്തിലിറങ്ങുന്ന കദ്ദയെ ഖത്തറി ജോക്കി ഫാലിഹ് ബുഗനൈമും നയിക്കും.
ലിബിയൻ ഉടമസ്ഥതയിലുള്ള മൂന്ന് കുതിരകളും വാർസോയിൽ മാറ്റുരയ്ക്കുന്നുണ്ട്. മുസ്തഫ അഹമ്മദ് ടീകയുടെ ഗസാൻ ദു സോലൈൽ, ഇമാദ് അൽദീൻ അൽതൗഷി – മുഹമ്മദ് ഒസാമ സെബാർ സഖ്യത്തിന്റെ ആർക്ടിക് ഡി ടെസെ, അൽ ലെയ്ത്ത് റേസിംഗിന്റെ മഹ്ദി ദു ബ്രൂയിൽ എന്നിവരാണ് ലിബിയൻ കുതിപ്പുമായി ട്രാക്കിലെത്തുന്നത്. ഇവർക്കൊപ്പം അഗർ അൽ ഖാലിദിയ, ഹയാൻ അൽ ഖാലിദിയ, സ്റ്റെഫാനോസ്, അമ്മാസ് എന്നീ പ്രമുഖ കുതിരകളും പോളണ്ട് പോരാട്ടത്തിൽ അണിനിരക്കും.
ലോകോത്തര വേദികളിൽ പ്യുവർബ്രെഡ് അറേബ്യൻ കുതിരകളുടെ കരുത്ത് തെളിയിക്കുന്നതിനും അവയുടെ ബ്രീഡിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുമായി യുഎഇ ഭരണകൂടം നൽകുന്ന വലിയ പിന്തുണയുടെ ഭാഗമായാണ് പ്രസിഡന്റ്സ് കപ്പ് സംഘടിപ്പിക്കുന്നത്.
33-ാം പതിപ്പിന്റെ യൂറോപ്യൻ പര്യടനം വൻ വിജയമായി പൂർത്തിയാക്കാൻ കഴിഞ്ഞത് അറേബ്യൻ കുതിരപ്പന്തയ രംഗത്ത് ടൂർണമെന്റിനുള്ള സ്വീകാര്യത വ്യക്തമാക്കുന്നതാണെന്ന് യുഎഇ പ്രസിഡന്റ്സ് കപ്പ് ഉന്നത സംഘാടക സമിതി ചെയർമാൻ മത്താർ സുഹൈൽ അൽ യബ്ഹൂനി അൽ ദാഹിരി പറഞ്ഞു. ഉടമകൾക്കും ബ്രീഡർമാർക്കും മികച്ച രാജ്യാന്തര വേദി നൽകുകയെന്ന ലക്ഷ്യം തുടരുമെന്നും, യൂറോപ്പിന് ശേഷമുള്ള മറ്റ് അന്താരാഷ്ട്ര ഘട്ടങ്ങളിലേക്ക് ടൂർണമെന്റ് കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.










