ഒക്ടോബർ നാല് വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന മേളയിൽ ലോകോത്തര ആഭരണങ്ങളും വാച്ചുകളും നേരിട്ട് കാണാനും വാങ്ങാനും സന്ദർശകർക്ക് അവസരം
ഷാർജ : ആഗോളതലത്തിലെ പ്രമുഖ വാച്ച് നിർമ്മാതാക്കളും ആഭരണ രൂപകൽപകരും ഒത്തുചേരുന്ന 58-ാമത് ‘വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ’യ്ക്ക് ഷാർജ എക്‌സ്‌പോ സെന്ററിൽ ബുധനാഴ്ച തുടക്കമായി.
ഷാർജ — ആഗോളതലത്തിലെ പ്രമുഖ വാച്ച് നിർമ്മാതാക്കളും ആഭരണ രൂപകൽപകരും ഒത്തുചേരുന്ന 58-ാമത് ‘വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ’യ്ക്ക് ഷാർജ എക്‌സ്‌പോ സെന്ററിൽ ബുധനാഴ്ച തുടക്കമായി. 19 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം മുൻനിര ബ്രാൻഡുകളാണ് അഞ്ച് ദിവസത്തെ ഈ അന്താരാഷ്ട്ര പ്രദർശനത്തിൽ അണിനിരക്കുന്നത്.
ഒക്ടോബർ നാല് ഞായറാഴ്ച വരെ നീളുന്ന മേളയിൽ പരമ്പരാഗത തനിമയാർന്ന സ്വർണ്ണാഭരണങ്ങൾ, വജ്ര ശേഖരങ്ങൾ, അപൂർവ്വ രത്നങ്ങൾ, ആധുനിക ആഡംബര വാച്ചുകൾ എന്നിവയുടെ വിപുലമായ നിര ഒരുക്കിയിട്ടുണ്ട്. യുഎഇ അടക്കമുള്ള ഗൾഫ് മേഖലയിലെ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ അന്താരാഷ്ട്ര ട്രെൻഡുകൾ നേരിട്ട് കാണാനും വിപണിവിലയേക്കാൾ മികച്ച നിരക്കുകളിൽ വാങ്ങാനുമുള്ള സൗകര്യം എക്സ്പോ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
ഇറ്റലി, ഇന്ത്യ, സിംഗപ്പൂർ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ജ്വല്ലറി നിർമ്മാതാക്കളും ഡിസൈനർമാരും അവരുടെ ഏറ്റവും പുതിയ ശേഖരങ്ങളുമായി പവലിയനുകളിൽ സജീവമാണ്. പരമ്പരാഗത കരകൗശല വിദ്യയും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള എക്സ്ക്ലൂസീവ് ഡിസൈനുകൾക്കാണ് ഇത്തവണ പ്രാമുഖ്യം നൽകിയിരിക്കുന്നത്.
ആഡംബര വസ്തുക്കളുടെയും സ്വർണ്ണ വ്യാപാരത്തിന്റെയും മേഖലയിൽ ഷാർജയുടെ വാണിജ്യ കരുത്ത് വിളിച്ചോതുന്നതാണ് വർഷത്തിൽ രണ്ടുതവണ അരങ്ങേറുന്ന ഈ മേളയെന്ന് സംഘാടകർ വ്യക്തമാക്കി. റീട്ടെയിൽ ഉപഭോക്താക്കൾക്കൊപ്പം മേഖലയിലെ വൻകിട വ്യാപാരികൾക്കും അന്താരാഷ്ട്ര ബ്രാൻഡുകളുമായി നേരിട്ട് ഇടപാടുകൾ നടത്താൻ പ്രത്യേക ബിസിനസ് മീറ്റുകളും മേളയുടെ ഭാഗമായി നടക്കും.
ഒക്ടോബർ നാല് വരെ ദിവസവും നിശ്ചിത സമയങ്ങളിൽ പൊതുജനങ്ങൾക്കും കുടുംബങ്ങൾക്കും മേള സന്ദർശിക്കാം.










