ഷാർജ ചൈൽഡ് ഫ്രണ്ട്‌ലി ഓഫിസ് നടത്തിയ പരിശോധനയിൽ വീഴ്ചകളില്ലാതെ സമ്പൂർണ്ണ നേട്ടം കൈവരിച്ച് ബാലസംരക്ഷണ കേന്ദ്രം.
ഷാർജ : പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാകുന്ന കുട്ടികൾക്ക് നിയമ-മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കുന്ന ഷാർജയിലെ കനഫ് കേന്ദ്രത്തിന് ‘ചൈൽഡ് ആൻഡ് ഫാമിലി ഫ്രണ്ട്‌ലി ഇൻസ്റ്റിറ്റ്യൂഷൻ’ അംഗീകാരം ലഭിച്ചു. ഷാർജ ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള ഷാർജ ചൈൽഡ് ഫ്രണ്ട്‌ലി ഓഫിസ് നടത്തിയ കർശനമായ ഓഡിറ്റിൽ മാനദണ്ഡങ്ങളിലൊന്നും തന്നെ വീഴ്ചകളില്ലാതെയാണ് കേന്ദ്രം ഈ നേട്ടം സ്വന്തമാക്കിയത്.


സുസ്ഥിരത, നവീകരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന തൊഴിൽ സംസ്കാരം, സ്ഥാപന മൂല്യങ്ങൾ എന്നീ നാല് പ്രധാന ഘടകങ്ങൾ മുൻനിർത്തിയായിരുന്നു ഷാർജ ചൈൽഡ് ഫ്രണ്ട്‌ലി ഓഫിസിന്റെ പരിശോധന. കനഫിന്റെ പ്രവർത്തന നയങ്ങൾ, ഭൗതിക സൗകര്യങ്ങൾ, ജീവനക്കാരുടെ തൊഴിൽ അന്തരീക്ഷം എന്നിവ സമഗ്രമായി വിലയിരുത്തിയാണ് അംഗീകാരം നൽകിയത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നി ശൈഖ ജവാഹിർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷന്റെ കീഴിലാണ് കനഫ് കേന്ദ്രം പ്രവർത്തിക്കുന്നത്. പീഡനത്തിനിരയാകുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വൈദ്യസഹായം, കൗൺസിലിംഗ്, നിയമസഹായം എന്നിവ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. വ്യത്യസ്ത സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ സുരക്ഷിതമായ അന്തരീക്ഷത്തിൽ നീതി ഉറപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, ജീവനക്കാർക്കുള്ള പരിശീലന രീതികൾ, പ്രത്യേക പരിചരണം ആവശ്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളായ ജീവനക്കാർക്ക് നൽകുന്ന ജോലിയിലെ ഇളവുകൾ എന്നിവ പരിശോധക സംഘം നേരിട്ട് വിലയിരുത്തി. ജീവനക്കാരുടെ ഇടയിൽ നടത്തിയ സർവേ ഫലങ്ങളും അംഗീകാരത്തിന് മാനദണ്ഡമായി.
കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പൊതുജനങ്ങൾ അർപ്പിക്കുന്ന വിശ്വാസമാണ് ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡയറക്ടർ ജനറലും കനഫ് ഹയർ കമ്മിറ്റി ചെയർപേഴ്‌സണുമായ ഡോ. ഹനാദി സാലിഹ് അൽ യാഫി വ്യക്തമാക്കി. കുട്ടികളുടെയും കുടുംബങ്ങളുടെയും താല്പര്യങ്ങൾ മുൻനിർത്തിയാണ് കനഫിന്റെ ഓരോ പ്രവർത്തനവും രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും അവർ പറഞ്ഞു.
ഓരോ പ്രവർത്തന ഘട്ടങ്ങളും രേഖപ്പെടുത്തി കൃത്യമായ തെളിവുകളോടെയാണ് പരിശോധനയ്ക്ക് മുന്നിൽ അവതരിപ്പിച്ചതെന്ന് കനഫ് ഡയറക്ടർ അമീന അൽ രിഫാഈ ചൂണ്ടിക്കാട്ടി. തൊഴിലിടങ്ങളിൽ കുടുംബസൗഹൃദ നയങ്ങൾ നടപ്പിലാക്കുന്നത് തുടരുമെന്നും ജീവനക്കാരുടെ പ്രതികരണങ്ങൾ പരിഗണിച്ച് സേവനങ്ങളുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.










