പൈലറ്റിനെ കോക്‌പിറ്റിലെ എമർജൻസി ആക്സ് ഉപയോഗിച്ച് ആക്രമിച്ച് നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചതായി അറ്റോർണി ജനറൽ
ABU DHABI, 3rd October, 2026 (WAM) — ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ളൈദുബായ് എഫ്.സെഡ് 1073 (FZ1073) വിമാനത്തിൽ പൈലറ്റിന് നേരെയുണ്ടായ ആക്രമണം ആസൂത്രിത ഭീകരാക്രമണശ്രമമായിരുന്നുവെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി വ്യക്തമാക്കി.
വിമാനം ആകാശത്തായിരിക്കെ ഫസ്റ്റ് ഓഫീസറായ കോ-പൈലറ്റ് കൃത്യമായ പദ്ധതി പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് ഔദ്യോഗിക അന്വേഷണത്തിൽ കണ്ടെത്തി. കോക്‌പിറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന എമർജൻസി ക്രാഷ് ആക്സ് (Crash Axe) ഉപയോഗിച്ച് വിമാന ക്യാപ്റ്റനെ വെട്ടിപ്പരിക്കേൽപ്പിച്ച് വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാനാണ് ഇയാൾ ശ്രമിച്ചതെന്ന് അറ്റോർണി ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
യാത്രയ്ക്കിടെ ബോയിങ് 737 വിമാനത്തിനുള്ളിൽ അപ്രതീക്ഷിതമായി നടന്ന ആക്രമണത്തിൽ ഇന്ത്യൻ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ ചോരയിൽ കുളിച്ച അവസ്ഥയിലും ക്യാപ്റ്റൻ കോക്‌പിറ്റിന്റെ സുരക്ഷാ വാതിൽ തുറന്നതോടെ ക്യാബിൻ ക്രൂവും യാത്രക്കാരും അകത്തേക്ക് ഇരച്ചെത്തി സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു.
ആക്രമണത്തെത്തുടർന്ന് വിമാനം നിമിഷങ്ങൾക്കുള്ളിൽ പതിനായിരത്തിലധികം അടി താഴേക്ക് പതിച്ചെങ്കിലും, വിമാനത്തിലുണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങൾ യഥാസമയം നിയന്ത്രണം ഏറ്റെടുത്ത് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 170-ലധികം യാത്രക്കാരും ജീവനക്കാരുമാണ് ആ സമയം വിമാനത്തിൽ ഉണ്ടായിരുന്നത്.
സംഭവത്തിന്റെ സമഗ്രമായ കാരണങ്ങൾ, ആക്രമണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം, ഇയാൾക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. ഡിജിറ്റൽ തെളിവുകളും വിമാനത്തിലെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറുകളും സാങ്കേതിക വിദഗ്ദ്ധർ പരിശോധിച്ച് വരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അന്തിമ റിപ്പോർട്ട് പുറത്തുവിടും.
അടിയന്തര ഘട്ടങ്ങളിൽ പാനലുകൾ വെട്ടിപ്പൊളിക്കാനും തീപിടുത്തം തടയാനുമായി രാജ്യാന്തര വ്യോമയാന ചട്ടങ്ങൾ പ്രകാരം കോക്‌പിറ്റിൽ നിർബന്ധമായും സൂക്ഷിക്കേണ്ട സുരക്ഷാ ആയുധമാണ് ക്രാഷ് ആക്സ്. ഇതാണ് സഹപൈലറ്റ് ആയുധമാക്കിയത്. തബൂക്കിൽ വിമാനമിറങ്ങിയ ശേഷം കസ്റ്റഡിയിലെടുത്ത പ്രതിയെ സൗദി അധികൃതർ യുഎഇക്ക് കൈമാറിയിട്ടുണ്ട്. പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ അപകടനില തരണം ചെയ്യുകയും ദുബായിലേക്ക് മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്.










