ആർട്ടിസ്റ്റ് അല്ലി, ട്രേഡിങ് കാർഡ് മാർക്കറ്റ്, ഇ-സ്പോർട്സ് ടൂർണമെന്റുകൾ എന്നിവയോടെ പുത്തൻ അനുഭവങ്ങളൊരുക്കി എസ്എസിസി 2026
ഷാർജ — ആനിമേഷൻ, കോമിക്സ്, ഗെയിമിങ് പ്രേമികൾക്കായി ഒരുക്കുന്ന ഷാർജ അനിമേഷൻ ആന്‍ഡ് കോമിക്സ് കോൺഫറൻസിന്റെ (SACC 2026) പുതിയ പതിപ്പ് ഒക്ടോബർ 22 മുതൽ 25 വരെ ഷാർജയിലെ അൽജദയിൽ നടക്കും. ശബ്ദാനുകരണ കല പരീക്ഷിക്കാവുന്ന ഡബ്ബിങ് സ്റ്റുഡിയോ, സ്വതന്ത്ര ചിത്രകാരന്മാർക്കുള്ള ആർട്ടിസ്റ്റ് അല്ലി, അപൂർവ കോമിക് പുസ്തകങ്ങളുടെ പ്രദർശനം തുടങ്ങി നിരവധി പുത്തൻ വിഭാഗങ്ങളാണ് ഇത്തവണ സന്ദർശകരെ കാത്തിരിക്കുന്നത്.
അറബിക് കാർട്ടൂൺ ഡബ്ബിങ് രംഗത്തെ പ്രമുഖരായ തുർഗാൻ കുടുംബത്തിലെ തല തുർഗാൻ നയിക്കുന്ന ‘ഡബ്ബിങ് കോർണർ’ ആണ് മേളയിലെ പ്രധാന സവിശേഷതകളിലൊന്ന്. പ്രൊഫഷണൽ മൈക്രോഫോണുകളും ഓഡിയോ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള ഈ വേദിയിൽ സന്ദർശകർക്ക് നേരിട്ടെത്തി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി ഡബ്ബിങ്ങിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കാം.
പ്രാദേശിക, രാജ്യാന്തര ചിത്രകാരന്മാർക്ക് തങ്ങളുടെ സൃഷ്ടികൾ നേരിട്ട് പ്രദർശിപ്പിക്കാനും വിൽക്കാനുമായി ‘ആർട്ടിസ്റ്റ് അല്ലി’ എന്ന പ്രത്യേക ഇടവും സജ്ജമാക്കിയിട്ടുണ്ട്. കോമിക്, ആനിമേഷൻ വ്യവസായ രംഗത്തെ വിദഗ്ദ്ധരുമായി നേരിട്ട് സംവദിക്കാനും കലാകാരന്മാർക്ക് ഇവിടെ അവസരം ലഭിക്കും.
ട്രേഡിങ് കാർഡ് പ്രേമികൾക്കായി ഏഴ് പ്രമുഖ വെണ്ടർമാരെ ഉൾപ്പെടുത്തി ‘ടിസിജി സോൺ’ (TCG Zone) എന്ന പ്രത്യേക മാർക്കറ്റും ഇത്തവണയുണ്ട്. ഇതിനുപുറമെ, സ്വകാര്യ ശേഖർത്താക്കളുടെ പങ്കാളിത്തത്തോടെ വിന്റേജ്-അപൂർവ കോമിക് പുസ്തകങ്ങൾ അണിനിരത്തുന്ന ‘കോമിക് വാൾ’ പ്രത്യേക ശ്രദ്ധയാകർഷിക്കും.
മേഖലയിലെ വളർന്നുവരുന്ന സർഗ്ഗാത്മക കൂട്ടായ്മകളെ പിന്തുണയ്ക്കുകയാണ് കോൺഫറൻസിന്റെ ലക്ഷ്യമെന്ന് എസ്എസിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഖൗല അൽ മുജൈനി പറഞ്ഞു. വളർന്നുവരുന്ന കലാകാരന്മാർക്ക് പ്രൊഫഷണലുകളിൽ നിന്ന് കാര്യങ്ങൾ പഠിക്കാനും കഴിവുകൾ വിപണിയിൽ എത്തിക്കാനും മികച്ചൊരു വേദിയാണ് ഇതെന്നും അവർ വ്യക്തമാക്കി.
രാജ്യാന്തര ആർട്ടിസ്റ്റുകൾ നയിക്കുന്ന മാസ്റ്റർക്ലാസുകൾ, ശിൽപ്പശാലകൾ എന്നിവയ്ക്കൊപ്പം വിപുലമായ ഗെയിമിങ് സോണും അൽജദയിൽ ഒരുങ്ങും. ടെക്കൻ 8, സൂപ്പർ സ്മാഷ് ബ്രോസ് അൾട്ടിമേറ്റ്, ഇഎ സ്പോർട്സ് എഫ്‌സി 27 തുടങ്ങിയ ഗെയിമുകളിൽ മത്സരങ്ങളും ബോർഡ് ഗെയിം സെഷനുകളും മേളയിലുണ്ടാകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും sharjahanimation.com സന്ദർശിക്കാം.










