വിദ്യാർഥികൾക്കായി വന്യജീവി സംരക്ഷണവും ജൈവവൈവിധ്യവും പരിചയപ്പെടുത്തുന്ന പഠനയാത്രകൾ വിപുലീകരിച്ച് അബുദാബിയിലെ പ്രമുഖ മൃഗശാല.
അബുദാബി —യുഎഇയിലെ സ്കൂൾ പാഠ്യപദ്ധതികൾക്ക് അനുസൃതമായി വിദ്യാർഥികൾക്കായി പ്രായോഗിക വന്യജീവി പഠന പദ്ധതികൾ വിപുലീകരിച്ച് അബുദാബി എമിറേറ്റ്സ് പാർക്ക് സൂ & റിസോർട്ട്.
അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജിൻ്റെ (അഡെക് – ADEK) അംഗീകാരമുള്ള പഠനയാത്രാ കേന്ദ്രമായ എമിറേറ്റ്സ് പാർക്ക് സൂ, ക്ലാസ് മുറികളിലെ പാഠഭാഗങ്ങളെ നേരിട്ടുള്ള അനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ഘടന തയാറാക്കിയിരിക്കുന്നത്.
ഒരു പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന സ്കൂൾ സന്ദർശന പദ്ധതികളെ സമഗ്രമായി നവീകരിച്ചാണ് പുതിയ ശൈലി അവതരിപ്പിച്ചിരിക്കുന്നത്. വന്യജീവി വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ, ജൈവവൈവിധ്യം, മരുഭൂമിയിലെ ജീവജാലങ്ങളുടെ അതിജീവനം, മഴക്കാടുകളുടെ ആവാസവ്യവസ്ഥ, പരാഗണകാരികളായ ജീവികൾ, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ എന്നിവയെക്കുറിച്ചുള്ള നേരിട്ടുള്ള നിരീക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ സിലബസ്.
വിദ്യാഭ്യാസം വെറും പുസ്തകത്താളുകളിലോ ക്ലാസ് മുറികളിലോ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ലെന്ന് എമിറേറ്റ്സ് പാർക്ക് സൂ & റിസോർട്ട് ഗ്രൂപ്പ് സിഇഒ ഡോ. വലീദ് ഷാബാൻ വ്യക്തമാക്കി. മൃഗങ്ങളുടെ ശാരീരിക പ്രത്യേകതകളും ആവാസവ്യവസ്ഥയിലെ അവയുടെ പങ്കും നേരിൽ കണ്ട് മനസ്സിലാക്കുമ്പോൾ കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തോടുള്ള കാഴ്ചപ്പാട് ദൃഢമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാഠ്യപദ്ധതിക്ക് പിന്തുണ നൽകുന്നതിനൊപ്പം കുട്ടികളിൽ പ്രകൃതിസ്നേഹവും പാരിസ്ഥിതിക അവബോധവും വളർത്തുകയാണ് ഈ ഉദ്യമത്തിൻ്റെ ലക്ഷ്യം. മുൻകാലങ്ങളിൽ സ്കൂൾ സന്ദർശനത്തിനെത്തിയ പല വിദ്യാർഥികളും പിന്നീട് മൃഗശാലയിലെ സംരക്ഷണ പ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തകരായി (വോളണ്ടിയർമാർ) തിരികെയെത്തുന്നത് ഈ പദ്ധതികളുടെ വിജയമായി മാനേജ്‌മെൻ്റ് വിലയിരുത്തുന്നു.
അബുദാബിയിലെ അൽ ബഹിയയിൽ സ്ഥിതി ചെയ്യുന്ന എമിറേറ്റ്സ് പാർക്ക് സൂവിൽ ഏകദേശം 250 ഇനങ്ങളിലായി 1,125 ജീവികളുണ്ട്. വേൾഡ് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസ് (WAZA), അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസ് (AZA) എന്നിവയിൽ അംഗത്വമുള്ള ഈ കേന്ദ്രം വിനോദസഞ്ചാരത്തിനൊപ്പം വന്യജീവി സംരക്ഷണത്തിനും ഗവേഷണങ്ങൾക്കും മുൻഗണന നൽകുന്നു.










