ഉപയോഗിക്കാത്ത ആപ്പുകളും സബ്‌സ്‌ക്രിപ്ഷനുകളും ഓട്ടോ-റിന്യൂവൽ വഴി ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ദുബായ്, ഒക്ടോബർ 9, 2026 : പ്രതിമാസം വെറും 30 അല്ലെങ്കിൽ 40 ദിർഹം മാത്രം വരുന്ന ഡിജിറ്റൽ സബ്‌സ്‌ക്രിപ്ഷനുകൾ യുഎഇയിലെ താമസക്കാരുടെ വാർഷിക ബജറ്റിൽ നിന്ന് നിശബ്ദമായി ചോർത്തുന്നത് ആയിരക്കണക്കിന് ദിർഹം. വിനോദ ആപ്പുകൾ, ക്ലൗഡ് സ്റ്റോറേജ്, ജിം ആപ്പുകൾ എന്നിവ റദ്ദാക്കാതെ വിടുന്നതിലൂടെ വലിയൊരു തുക അനാവശ്യമായി ചെലവാകുന്നതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരു ക്ലിക്കിൽ സൈൻ-അപ്പ് ചെയ്യാം; സൗജന്യ ട്രയൽ കാലാവധി കഴിഞ്ഞാൽ അക്കൗണ്ടിൽ നിന്ന് പണം കൃത്യമായി പിടിക്കപ്പെടും. ‘വെറും 30 ദിർഹമല്ലേ’ എന്ന് കരുതി അവഗണിക്കുന്ന ഇത്തരം ചെറിയ പേയ്‌മെന്റുകൾ വർഷാവസാനം കണക്കുകൂട്ടുമ്പോൾ വലിയ സാമ്പത്തിക ബാധ്യതയായി മാറുകയാണെന്ന് വ്യക്തിഗത ധനകാര്യ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ‘സബ്‌സ്‌ക്രിപ്ഷൻ ക്രീപ്’ (Subscription Creep) എന്ന് വിളിക്കുന്ന ഈ പ്രവണത യുഎഇയിലെ പ്രവാസികൾക്കിടയിലും സാധാരണമാണ്.
വീട്ടുവാടക, പലചരക്ക് സാധനങ്ങൾ, സ്കൂൾ ഫീസ്, യാത്ര എന്നിവയ്ക്കൊപ്പം ഇത്തരം അദൃശ്യ ചെലവുകൾ കൂടി ചേരുമ്പോൾ ബജറ്റ് താളംതെറ്റുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ്, സ്പോട്ടിഫൈ തുടങ്ങിയ സ്ട്രീമിങ് സേവനങ്ങൾക്ക് പുറമെ, കൃത്യമായി ഉപയോഗിക്കാത്ത ഡെലിവറി ആപ്പുകൾ, എഐ ടൂളുകൾ, ഫിറ്റ്നസ് ആപ്പുകൾ എന്നിവയും ആളുകളുടെ അക്കൗണ്ടുകളിൽ നിന്ന് മാസം തോറും പണം പിൻവലിക്കുന്നുണ്ട്.
ഒരു സാധാരണ ഉപഭോക്താവിന് വിവിധ പ്ലാറ്റ്‌ഫോമുകളിലായി പ്രതിമാസം 367 മുതൽ 551 ദിർഹം വരെ (100–150 ഡോളർ) ഇത്തരത്തിൽ ചെലവാകുന്നുണ്ടെന്ന് കനേഡിയൻ യൂണിവേഴ്‌സിറ്റി ദുബായിലെ സ്കൂൾ ഓഫ് മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം. എർദെം കോസ്കുൻ പറയുന്നു. വർഷത്തിൽ ഇത് 4,400 മുതൽ 6,600 ദിർഹം വരെ വരും.
യുഎഇയിലെ സജീവ ഉപഭോക്താക്കൾ പ്രതിമാസം 500 മുതൽ 900 ദിർഹം വരെ ഇത്തരം സേവനങ്ങൾക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് കോമ്പസ്പോയിന്റ് കൺസൾട്ടിംഗ് സിഇഒ സെയ്ദ് അബൂബക്കറുടെ വിലയിരുത്തൽ. ഇതിൽ 300 മുതൽ 500 ദിർഹം വരെ പോകുന്നത് ഒരിക്കൽ പോലും തുറന്നുനോക്കാത്ത ആപ്പുകൾക്കാണെന്നതാണ് വാസ്തവം.
30 ദിർഹം എന്നത് ഒറ്റനോട്ടത്തിൽ നിസ്സാരമായി തോന്നാമെങ്കിലും വാർഷിക കണക്കുകൾ ഞെട്ടിക്കുന്നതാണെന്ന് റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ദുബായിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. കാഷിഫ് ഫർഹത്ത് ചൂണ്ടിക്കാട്ടുന്നു. 30 ദിർഹത്തിന്റെ ഒരൊറ്റ സബ്‌സ്‌ക്രിപ്ഷന് വർഷം 360 ദിർഹമാണ് ചെലവ്. ഇതുപോലെയുള്ള അഞ്ച് ആപ്പുകൾ ഉണ്ടെങ്കിൽ പ്രതിവർഷം 1,800 ദിർഹവും, പത്ത് ആപ്പുകൾക്ക് 3,600 ദിർഹവും പോക്കറ്റിൽ നിന്ന് നഷ്ടപ്പെടുന്നു.
ചെലവ് താങ്ങാൻ കഴിയും എന്നതിനർത്ഥം അതിന് മതിയായ മൂല്യമുണ്ടെന്നല്ലെന്ന് എഫ്എഫ്എ കിംഗ്സ് സ്ഥാപകനും സിഇഒയുമായ ഫാദി അൽ കുർദി വ്യക്തമാക്കുന്നു. മാസം 30 ദിർഹം നൽകാൻ ശേഷിയുണ്ടോ എന്ന് ചിന്തിക്കുന്നതിന് പകരം, ഉപയോഗിക്കാത്ത ഒരു സേവനത്തിന് വർഷം 360 ദിർഹം നൽകാൻ തയ്യാറാണോ എന്ന് സ്വയം ചോദിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഉപദേശിക്കുന്നു.
ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ കൃത്യമായി പരിശോധിച്ച് ആവശ്യമില്ലാത്ത ആപ്പുകളുടെ ഓട്ടോ-റിന്യൂവൽ റദ്ദാക്കുകയാണ് ഇതിനുള്ള പ്രധാന പരിഹാരം. ട്രയൽ ഓഫറുകൾ ഉപയോഗിക്കുമ്പോൾ ഉടൻ തന്നെ റിന്യൂവൽ ഓപ്ഷൻ ഓഫ് ചെയ്യുന്ന ശീലവും സാമ്പത്തിക ചോർച്ച തടയാൻ സഹായിക്കും.










