പ്രശസ്ത സംവിധായകൻ സിബി മലയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു; നൂറുകണക്കിന് കുടുംബങ്ങൾ ആഘോഷത്തിൽ പങ്കുചേർന്നു
ദുബായ്, യുഎഇ — മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ & ഫാമിലി ഗെറ്റ് ടുഗെതർ 2026’ വിപുലമായ പരിപാടികളോടെ നടന്നു. നവംബർ 15 ഞായറാഴ്ച നടന്ന ആഘോഷത്തിൽ നൂറുകണക്കിന് കുടുംബങ്ങളും വിശ്വാസികളും പങ്കെടുത്തു.
വൈകുന്നേരം നാലിന് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഇടവക വികാരിയും പ്രസിഡന്റുമായ റവ. ഫാ. അജു എബ്രഹാമിന്റെ പ്രാർത്ഥനയ്ക്ക് ശേഷം ചലച്ചിത്രതാരം ശ്വേത മേനോൻ ഫുഡ് കോർട്ടിന്റെയും ഗെയിംസ് സ്റ്റാളുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ നൃത്തപരിപാടികളും പരമ്പരാഗത അറബിക് നൃത്തവും അരങ്ങേറി.
വൈകുന്നേരം 5.30-ന് യുഎഇയുടെയും ഇന്ത്യയുടെയും ദേശീയഗാനാലാപനത്തോടെ പൊതുസമ്മേളനം ആരംഭിച്ചു. ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ തോമസ് ജോസഫ് സ്വാഗതവും ഇടവക വികാരി റവ. ഫാ. അജു എബ്രഹാം അധ്യക്ഷതയും വഹിച്ചു. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി വിശിഷ്ടാതിഥിയായി. ചലച്ചിത്ര സംവിധായകൻ സിബി മലയിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിശിഷ്ടാതിഥികളും ഇടവക ഭാരവാഹികളും ചേർന്ന് ഭദ്രദീപം തെളിയിച്ചു. മുഖ്യാതിഥി സിബി മലയിലിന് ചടങ്ങിൽ ഇടവകയുടെ ഉപഹാരം സമ്മാനിച്ചു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ മാർ ദിദിമോസ് ബാവ എക്സലൻസ് അവാർഡ് മുൻ ഇന്ത്യൻ നാവികസേനാ കമാൻഡറും നാവികനുമായ കമാൻഡർ അഭിലാഷ് ടോമിക്ക് സമ്മാനിച്ചു. അവാർഡ് ജേതാവിനെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനത്തിന് ശേഷം കത്തീഡ്രൽ ഹോണററി സെക്രട്ടറി ബിനിൽ എം. സ്കറിയ പ്രശസ്തിപത്രം വായിച്ചു. ഹോണററി ട്രഷറർ സാബു വർഗീസ്, വികാരിമാർ, ഇടവക ഭാരവാഹികൾ എന്നിവർ ചേർന്ന് പുരസ്കാരവും പൊന്നാടയും നൽകി ആദരിച്ചു. കമാൻഡർ അഭിലാഷ് ടോമി മറുപടി പ്രസംഗം നടത്തി.
കാർഷിക-സാമൂഹിക മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ഒ.സി.വൈ.എം ഏർപ്പെടുത്തിയ മാർ ദിവന്നാസിയോസ് കാർഷിക അവാർഡ് സി.കെ. പൈലിക്ക് ചടങ്ങിൽ സമ്മാനിച്ചു. അസിസ്റ്റന്റ് വികാരി റവ. ഫാ. ചെറിയാൻ ജോസഫ് ആശംസാപ്രസംഗവും ജോയിന്റ് ജനറൽ കൺവീനർ ചെറിയാൻ ഉമ്മൻ നന്ദിപ്രകാശനവും നടത്തി.
രാത്രി എട്ടിന് ആരംഭിച്ച സംഗീത-കലാവിരുന്നിൽ ചലച്ചിത്രതാരം ജഗദീഷ്, കലാകാരൻ മഹേഷ് കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു. ഇടവക മാനേജിംഗ് കമ്മിറ്റി, സംഘാടക സമിതി, സ്പോൺസർമാർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആഘോഷപരിപാടികൾ രാത്രി 10.45-ഓടെ സമാപിച്ചു.










