ലോക ട്രയാത്‌ലൺ കലണ്ടറിലിടം നേടിയ കായികമേള ഒക്ടോബർ 11-ന്; ജർമ്മനിയിലെ ഹാംബർഗ് ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടാം.
ദുബായ് — 9 ഒക്ടോബർ 2026 : പ്രഥമ ദുബായ് പൊലീസ് ട്രയാത്‌ലൺ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച (ഒക്ടോബർ 11) അൽ മംസാർ ബീച്ച് പാർക്കിൽ അരങ്ങേറും. അന്താരാഷ്ട്ര ട്രയാത്‌ലൺ സംഘടനയുടെ (വേൾഡ് ട്രയാത്‌ലൺ) ഔദ്യോഗിക കലണ്ടറിൽ ഇടംപിടിച്ച ഈ മത്സരം, 2027-ൽ ജർമ്മനിയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യതാ റൗണ്ട് കൂടിയാണ്.
നീന്തൽ, സൈക്ലിങ്, ഓട്ടം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള മത്സരത്തിൽ സ്വദേശികളും വിദേശികളുമായ ഒട്ടേറെ കായികതാരങ്ങൾ മാറ്റുരയ്ക്കും. 2027 സെപ്റ്റംബർ 8 മുതൽ 12 വരെ ജർമ്മനിയിലെ ഹാംബർഗിലാണ് ലോക ട്രയാത്‌ലൺ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. യുഎഇ ട്രയാത്‌ലൺ ഫെഡറേഷന്റെ മേൽനോട്ടത്തിലാണ് അൽ മംസാറിൽ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
അൽ ജദ്ദാഫിലെ ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബ്ബ് സൈക്ലിങ് ഹബ്ബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സംഘാടക സമിതി മത്സര വിവരങ്ങൾ വിശദീകരിച്ചത്. പ്രൊഫഷണൽ താരങ്ങൾക്ക് പുറമെ അമേച്വർ അത്‌ലറ്റുകൾക്കും പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം.
വ്യക്തിഗത ഇനങ്ങളിൽ സ്പ്രിന്റ്, സ്റ്റാൻഡേർഡ്, ഒളിമ്പിക് ഫോർമാറ്റുകളിലായി ഏഴ് പ്രായപരിധികളിലാണ് മത്സരങ്ങൾ നടക്കുക. ഇതേ ഫോർമാറ്റുകളിൽ റിലേ ടീം ഇനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സുരക്ഷിതമായ നീന്തൽ സൗകര്യവും സൈക്ലിങ്ങിനും ഓട്ടത്തിനും അനുയോജ്യമായ ട്രാക്കുകളുമുള്ളതിനാലാണ് മത്സരവേദിയായി അൽ മംസാർ ബീച്ച് പാർക്ക് തിരഞ്ഞെടുത്തത്.
ആരോഗ്യകരമായ ജീവിതശൈലി സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് പൊലീസ് ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നത്. ദുബായ് സ്പോർട്സ് കൗൺസിൽ, യുഎഇ സൈക്ലിങ് ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെ ദുബായ് പൊലീസ് നടപ്പിലാക്കുന്ന 2026 സൈക്ലിങ് കായിക കലണ്ടറിന്റെ ഭാഗം കൂടിയാണിത്. എട്ട് മാസങ്ങളിലായി 14 കായിക മത്സരങ്ങളാണ് ഈ പദ്ധതിക്ക് കീഴിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
മത്സരത്തോടനുബന്ധിച്ച് അൽ മംസാർ ബീച്ചിലും പരിസര റോഡുകളിലും വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളാണ് ദുബായ് പൊലീസ് ഒരുക്കിയിട്ടുള്ളത്.










