ദുബായ്: കുന്നംകുളത്തിന്റെ തനിമയും തമ്പോറിന്റെ താളവും കടൽ കടന്ന് പ്രവാസഭൂമിയിലേക്ക് എത്തുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ വ്യാപിച്ചു കിടക്കുന്ന കുന്നംകുളം നിവാസികളുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ‘കുന്നംകുളം പെരുന്നാൾ’ 2026 ഫെബ്രുവരി ഒന്നിന് ദുബായ് അൽ ഖുസൈസിലെ അമിറ്റി സ്കൂൾ മൈതാനത്ത് അരങ്ങേറും. പഴഞ്ഞിക്കാരൻ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഈ ബൃഹത്തായ സംഗമം, കേവലം ഒരു പ്രവാസി ആഘോഷം എന്നതിലുപരി കേരളത്തിന്റെ തനതായ ആഘോഷ സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാനുള്ള വേദി കൂടിയായി മാറും.
നാടിന്റെ ആത്മാവായ പെരുന്നാൾ അതിന്റെ എല്ലാ പൂർണ്ണതയോടും കൂടി പ്രവാസികൾക്കായി പുനഃസൃഷ്ടിക്കുകയാണ് സംഘാടകർ. കുന്നംകുളത്തെ പന്തല്ലൂർ പൂരം കൊട്ടി കയറുന്ന അതേ ആവേശത്തിൽ ദുബായിലെ വേദിയിലും താളം മുഴങ്ങും. ചടങ്ങിലെ പ്രധാന ആകർഷണമായി 51 കലാകാരന്മാർ അണിനിരക്കുന്ന ചൊവല്ലൂർ മോഹനൻ വാരിയരുടെ നേതൃത്വത്തിലുള്ള മേളവും, രാഗദീപം മുണ്ടത്തിക്കോട്, സ്പടികം ശിങ്കാരിമേളം, രാമേട്ടന്റെ തമ്പോർ ടീം എന്നിവരുടെ പ്രകടനങ്ങളും ഉണ്ടാകും. നാട്ടിലെ പെരുന്നാൾ അനുഭവത്തെ പൂർണ്ണമാക്കാൻ അഞ്ച് ആനകളുടെ സാന്നിധ്യവും മേളത്തോടൊപ്പം സജ്ജീകരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ഈ ആഘോഷത്തിന് മാറ്റുകൂട്ടും. മലയാളത്തിന്റെ പ്രിയതാരങ്ങളായ വിനീത് ശ്രീനിവാസൻ, ആസിഫ് അലി, സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസി, ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ എന്നിവർ ആഘോഷങ്ങളുടെ ഭാഗമാകും. ഖത്തർ ലോകകപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ മികവ് തെളിയിച്ച ‘മീഡിയ പ്രോ ഇന്റർനാഷണൽ’ ആണ് പെരുന്നാളിന്റെ ശബ്ദ-പ്രകാശ വിന്യാസങ്ങൾ ഒരുക്കുന്നത്. കുന്നംകുളത്തെ പെരുന്നാൾ പറമ്പുകളിലെ സ്ഥിരം സാന്നിധ്യമായ ജിം ജിം മത്തായിയുടെ പ്രത്യേക സ്റ്റാളുകളും പുതിയ വിഭവങ്ങളും ദുബായിലെ വേദിയിൽ അണിനിരക്കും.
സ്ത്രീകൾക്കും കുട്ടികൾക്കും സമാധാനപരമായി പെരുന്നാൾ ആസ്വദിക്കുന്നതിനായി ‘പിങ്ക് സോൺ’ (Pink Zone) എന്ന പ്രത്യേക ഇരിപ്പിട സൗകര്യം ദുബായിൽ ആദ്യമായി ഒരുക്കുന്നു എന്നതും ശ്രദ്ധേയമാണ്. നാട്ടിലെ പെരുന്നാൾ പറമ്പുകളിൽ ലഭിക്കുന്ന അലുവ, പൊരി, കരിമ്പ്, കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ എന്നിവയടക്കം ഒരു ചെറിയ കുന്നംകുളം തന്നെ അമിറ്റി സ്കൂൾ പരിസരത്ത് ഉയരും. പ്രവാസലോകത്ത് സ്വന്തം വേരുകൾ മറക്കാതെ, പുതിയ തലമുറയ്ക്ക് നാടിന്റെ സംസ്കാരം പകർന്നു നൽകാനുള്ള ഈ ശ്രമം മലയാളി കൂട്ടായ്മകളുടെ ചരിത്രത്തിൽ പുതിയൊരു അധ്യായമായി മാറും.









































