എട്ട് പ്രവിശ്യകളിലെ 210 ആശുപത്രികളിൽ അത്യാധുനിക പരിചരണം; 2031-ഓടെ 86,000 ജീവനുകൾ രക്ഷിക്കാൻ ലക്ഷ്യം
അഡിസ് അബാബ — 13 ഒക്ടോബർ 2026 : പ്രസവസമയത്തെ അമ്മമാരുടെയും നവജാതശിശുക്കളുടെയും മരണം തടയുന്നതിനായി എത്യോപ്യൻ സർക്കാരുമായി ചേർന്ന് 9 കോടി യു.എസ്. ഡോളറിന്റെ (ഏകദേശം 750 കോടിയിലധികം രൂപ) സമഗ്ര ആരോഗ്യപദ്ധതി പ്രഖ്യാപിച്ച് ആഗോള ജീവകാരുണ്യ കൂട്ടായ്മയായ ‘ബിഗിനിങ്സ് ഫണ്ട്’.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എത്യോപ്യയിലെ എട്ട് പ്രവിശ്യകളിലായി തിരഞ്ഞെടുക്കപ്പെട്ട 210 ആരോഗ്യകേന്ദ്രങ്ങളിൽ പദ്ധതി നടപ്പാക്കും. 2031-ഓടെ രാജ്യത്ത് ഒഴിവാക്കാനാകുമായിരുന്ന 86,000 മാതൃ-ശിശു മരണങ്ങളും ഗർഭസ്ഥശിശു മരണങ്ങളും ഇല്ലാതാക്കുകയാണ് സംയുക്ത നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
ആകെ പ്രഖ്യാപിച്ച തുകയിൽ ഒരുകോടി ഡോളർ, എത്യോപ്യൻ ആരോഗ്യ മന്ത്രാലയം നേരിട്ട് ഏകോപിപ്പിക്കുന്ന ആർ.എം.എൻ.സി.എച്ച് (റീപ്രൊഡക്റ്റീവ്, മെറ്റേണൽ, ന്യൂബോൺ ആൻഡ് ചൈൽഡ് ഹെൽത്ത്) കോംപാക്റ്റിലേക്ക് വകയിരുത്തും. ആരോഗ്യമേഖലയിലെ പ്രാദേശിക വിഭവങ്ങളും വിദേശ ധനസഹായങ്ങളും ഒരുമിച്ച് വിനിയോഗിക്കാൻ സർക്കാർ രൂപീകരിച്ച സംവിധാനമാണിത്.
അഡിസ് അബാബയിൽ നടന്ന ചടങ്ങിൽ എത്യോപ്യൻ ആരോഗ്യമന്ത്രി ഡോ. മെക്ദെസ് ദാബ ഫെയ്സ, യു.എ.ഇ അംബാസഡർ അബ്ദുല്ല ഹസ്സൻ അൽശംസി, ബിഗിനിങ്സ് ഫണ്ട് സി.ഇ.ഒ ആലിസ് കങ്കേത്തെ എന്നിവർ പങ്കെടുത്തു.
ഗുണനിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ പദ്ധതി വഴിയൊരുക്കുമെന്ന് ഡോ. മെക്ദെസ് ദാബ ഫെയ്സ വ്യക്തമാക്കി. ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനൊപ്പം ഗ്രാമീണ മേഖലകളിൽ ജീവൻരക്ഷാ ഉപകരണങ്ങളും പരിശോധനാ സംവിധാനങ്ങളും ലഭ്യമാക്കും.
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റിയുടെ നേതൃത്വത്തിൽ 2025-ൽ അബുദാബിയിലാണ് ബിഗിനിങ്സ് ഫണ്ട് രൂപീകരിച്ചത്. 52.5 കോടി ഡോളറിന്റെ ആഗോള ഫണ്ടിൽ ഗേറ്റ്സ് ഫൗണ്ടേഷൻ, ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഫൗണ്ടേഷൻ, ഡെൽറ്റ ഫിലാൻത്രോപീസ്, എൽമ ഫൗണ്ടേഷൻ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും പങ്കാളികളാണ്.
എത്യോപ്യയുമായുള്ള ദീർഘകാല സഹകരണത്തിന്റെ തുടർച്ചയാണ് ഈ പദ്ധതിയെന്ന് മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ ഡോ. ഷമ്മ ഖലീഫ അൽ മസ്റൂയി ചൂണ്ടിക്കാട്ടി. ആശുപത്രികളിൽ പ്രസവ ശുശ്രൂഷാ സൗകര്യങ്ങൾ വിപുലമാക്കുന്നതിലൂടെ കൂടുതൽ കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ സാധിക്കുമെന്നും അവർ പറഞ്ഞു.
കെനിയ, മലാവി എന്നീ രാജ്യങ്ങൾക്ക് ശേഷം ബിഗിനിങ്സ് ഫണ്ടുമായി കരാറിലെത്തുന്ന മൂന്നാമത്തെ ആഫ്രിക്കൻ രാജ്യമാണ് എത്യോപ്യ. 2031-ഓടെ ആഫ്രിക്കയിലെ 10 രാജ്യങ്ങളിലായി 3.4 കോടി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും മൂന്ന് ലക്ഷത്തിലധികം മരണങ്ങൾ ഒഴിവാക്കാനുമാണ് ഫണ്ട് ലക്ഷ്യമിടുന്നത്.










