ഓപ്പറേഷൻ ഷെവലിയർ 3 (ഗാലന്റ് നൈറ്റ് 3) വഴി 1,903 ടൺ അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചു; 3,000 രോഗികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി.
അബുദാബി / ഗാസ : ഗാസയിലെ തകർന്ന ആരോഗ്യമേഖലയ്ക്ക് ആശ്വാസമേകി യുണൈറ്റഡ് അറബ് എമിറേറ്റ്സ് നടത്തുന്ന ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ (അൽ ഫാരെസ് അൽ ഷഹ്മ് 3) മാനുഷിക ദൗത്യത്തിലൂടെ ഇതുവരെ ചികിത്സ ലഭിച്ചത് 89,000-ലധികം ഫലസ്തീനികൾക്ക്.
ഗാസയിലെ മുപ്പതോളം ആശുപത്രികളുടെ പ്രവർത്തനം പൂർണമായി നിലച്ച പശ്ചാത്തലത്തിൽ, 2023 നവംബർ 5-നാണ് യുഎഇ സമഗ്ര മെഡിക്കൽ ദൗത്യത്തിന് തുടക്കം കുറിച്ചത്. ഫീൽഡ് ആശുപത്രികൾ, മൊബൈൽ ക്ലിനിക്കുകൾ, കപ്പലിലെ അത്യാഹിത വിഭാഗം എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ ആരോഗ്യസേവനങ്ങൾ ഏകോപിപ്പിക്കുന്നത്.
തെക്കൻ ഗാസയിലെ റഫയിൽ പ്രവർത്തിക്കുന്ന യുഎഇ ഫീൽഡ് ആശുപത്രിയിൽ മാത്രം 54,000-ലധികം പേർ ചികിത്സ തേടി. അടിയന്തര ശസ്ത്രക്രിയകൾ, ട്രോമ കെയർ, അത്യാഹിത വിഭാഗം എന്നിവ ഉൾപ്പെടെയുള്ള സമഗ്ര സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്.
ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് സജ്ജീകരിച്ച യുഎഇ ഫ്ലോട്ടിങ് ആശുപത്രിയിൽ 35,000-ലധികം രോഗികൾക്ക് ഇതിനോടകം ചികിത്സ ഉറപ്പാക്കി. പ്രാദേശിക ആശുപത്രികളിൽ ചികിത്സ നൽകാൻ കഴിയാത്ത അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കാണ് ഈ കപ്പൽ ആശുപത്രിയിൽ വിദഗ്ദ്ധ പരിചരണം നൽകുന്നത്.
റഫ അതിർത്തി വഴി 1,903 ടൺ ജീവൻരക്ഷാ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമാണ് യുഎഇ ഗാസയിലെത്തിച്ചത്. ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യു.എച്ച്.ഒ) ചേർന്നാണ് ഗാസയിലെ ആശുപത്രികളിലേക്ക് ഇവ സുരക്ഷിതമായി വിതരണം ചെയ്തത്.
ഗാസയുടെ തെക്കൻ, വടക്കൻ മേഖലകളിൽ സ്ഥാപിച്ച രണ്ട് സ്ഥിരം മെഡിക്കൽ സെന്ററുകൾ വഴി പ്രതിമാസം നാലായിരത്തോളം ആളുകൾക്ക് ചികിത്സ ലഭിക്കുന്നുണ്ട്. ഉൾപ്രദേശങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവർക്കായി പ്രത്യേക മൊബൈൽ ക്ലിനിക്കുകളും സജ്ജമാക്കിയിട്ടുണ്ട്.
ഗുരുതര പരിക്കേറ്റവരും ക്യാൻസർ ബാധിതരുമായ കുട്ടികൾ ഉൾപ്പെടെ മൂവായിരത്തോളം പേരെ വിദഗ്ദ്ധ തുടർചികിത്സയ്ക്കായി യുഎഇയിലെ വിവിധ ആശുപത്രികളിലേക്ക് എയർലിഫ്റ്റ് ചെയ്തു.
പോളിയോ വ്യാപനം തടയുന്നതിനായി ആറ് ലക്ഷത്തിലധികം ഡോസ് പ്രതിരോധ വാക്സിനുകൾ എത്തിച്ചു നൽകാനും യുഎഇ ദൗത്യത്തിന് സാധിച്ചു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള 27 ആംബുലൻസുകളും കൈമാറി.
യുദ്ധക്കെടുതികളിൽ അവയവങ്ങൾ നഷ്ടപ്പെട്ട 203 പേർക്ക് കൃത്രിമ അവയവങ്ങൾ നിർമ്മിച്ച് നൽകി സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ വഴിയൊരുക്കി. കൂടാതെ അഭയാർത്ഥി ക്യാമ്പുകളിലുള്ളവർക്കായി പതിനായിരം ജോടി കാഴ്ച പരിശോധനാ കണ്ണടകളും വിതരണം ചെയ്തു. സമഗ്രവും സുസ്ഥിരവുമായ വൈദ്യസഹായം ഉറപ്പാക്കി ഗാസയിലെ ജനങ്ങളുടെ ദുരിതമകറ്റാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.










