സഞ്ചാരികളുടെ മുൻഗണനകളിൽ വിനോദവും തനത് സംസ്കാരവും മുന്നിലെന്ന് റിപ്പോർട്ട്; എടിഎം 34-ാം പതിപ്പ് 2027 മെയ് മാസത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ.
ദുബായ്, യുഎഇ — 21 ഒക്ടോബർ 2026 :
ആഗോള വിനോദസഞ്ചാര രംഗത്തെ പ്രമുഖ വാണിജ്യ മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ (എടിഎം) 34-ാമത് പതിപ്പ് ‘അതിരുകളില്ലാത്ത യാത്ര: അനുഭവങ്ങളിലൂടെ ആഗോള സഞ്ചാരത്തെ രൂപപ്പെടുത്തൽ’ (Travel without boundaries: Shaping global travel through experience) എന്ന പ്രമേയത്തിൽ ദുബായിൽ നടക്കും.
2027 മെയ് 3 മുതൽ 6 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് (DWTC) നാല് ദിവസത്തെ രാജ്യാന്തര എക്സിബിഷൻ അരങ്ങേറുക. ആധുനിക സഞ്ചാരികളുടെ അഭിരുചികൾക്കനുസൃതമായി ടൂറിസം ഉൽപ്പന്നങ്ങൾ മാറ്റിയെഴുതാനും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ഈ പ്രമേയം തെരഞ്ഞെടുത്തിരിക്കുന്നത്.
ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ കീഴിലുള്ള ടൂറിസം ഇക്കണോമിക്സുമായി സഹകരിച്ച് തയ്യാറാക്കിയ എടിഎം ട്രാവൽ ട്രെൻഡ്സ് റിപ്പോർട്ട് 2026 അടിസ്ഥാനമാക്കിയാണ് പുതിയ നയരൂപീകരണം. രണ്ടു വർഷം മുമ്പുള്ളതിനേക്കാൾ പുതിയ കേന്ദ്രങ്ങൾ തേടി യാത്ര ചെയ്യാൻ 56 ശതമാനം അന്താരാഷ്ട്ര ഉപഭോക്താക്കൾ താൽപ്പര്യപ്പെടുന്നുവെന്ന് സർവേ വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക, ദക്ഷിണേഷ്യ (MENASA) മേഖലകളിലേക്ക് വരാൻ ആഗ്രഹിക്കുന്നവരിൽ ഈ നിരക്ക് 68 ശതമാനമായി ഉയർന്നു.
പരമ്പരാഗത കാഴ്ചകൾ കാണുന്നതിനപ്പുറം പ്രദേശത്തിന്റെ തനത് സംസ്കാരം, രുചികൾ, സാഹസികത, സ്പോർട്സ്, വെൽനസ് തുടങ്ങിയവയെ കേന്ദ്രീകരിച്ചാണ് പുതിയ കാലത്തെ യാത്രാ പദ്ധതികൾ. പ്രതികരിച്ചവരിൽ പകുതിയോളം പേർ (50%) പ്രാദേശിക ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാൻ കൂടുതൽ താൽപ്പര്യം കാട്ടുമ്പോൾ, 40% പേർ പ്രാദേശിക ജനങ്ങളുമായി ഇടപഴകാൻ ആഗ്രഹിക്കുന്നു. പ്രത്യേക പരിപാടികളിലും കായിക മത്സരങ്ങളിലും പങ്കെടുക്കാനായി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ 30% വർധനയുണ്ടായി.
ആധുനിക സഞ്ചാരികൾ ആദ്യം തങ്ങൾക്കാവശ്യമായ അനുഭവം തെരഞ്ഞെടുക്കുകയും തുടർന്ന് യാത്രയും താമസവും ക്രമീകരിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറുകയാണെന്ന് ആർഎക്സ് ഗ്ലോബൽ യുഎഇ റീജിയണൽ പോർട്ട്ഫോളിയോ ഡയറക്ടർ ഡാനിയേൽ കർട്ടിസ് ചൂണ്ടിക്കാട്ടി. ബിസിനസും ഒഴിവുസമയ വിനോദങ്ങളും ഒരുമിപ്പിക്കുന്ന ‘ബ്ലെഷർ’ (Bleisure) യാത്രകൾക്കും സാഹസിക-ആരോഗ്യ ടൂറിസത്തിനും മികച്ച അവസരങ്ങളാണ് മുൻപിലുള്ളതെന്നും അവർ വ്യക്തമാക്കി.
അനുഭവം, അവസരം, നവീകരണം, സാധ്യത എന്നീ നാല് പ്രധാന സ്തംഭങ്ങളിലൂന്നിയാണ് എടിഎം 2027 ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ യാത്രാസൂത്രണത്തെ വേഗത്തിലാക്കുമ്പോഴും പ്രാദേശിക ഗൈഡുകളുടെയും ഹോസ്റ്റുകളുടെയും മാനുഷികമായ ഇടപെടലുകൾക്ക് ടൂറിസത്തിൽ വർധിച്ച പ്രാധാന്യമുണ്ടെന്ന് റിപ്പോർട്ട് അടിവരയിടുന്നു. സാങ്കേതിക മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന ‘എടിഎം ട്രാവൽ ടെക്’ വേദിയും സമ്മേളനത്തോടൊപ്പം തിരികെയെത്തും.
ആഗോള ടൂറിസം മേഖല വലിയ തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് സാമ്പത്തിക പ്രവചനങ്ങൾ വ്യക്തമാക്കുന്നത്. 2026-ലെ പ്രതിസന്ധികൾക്ക് ശേഷം, 2027-ൽ രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവിൽ ആഗോളതലത്തിൽ 8 ശതമാനവും മെനാസ (MENASA) മേഖലയിൽ 17 ശതമാനവും വളർച്ചയുണ്ടാകും. 2030 ആകുമ്പോഴേക്കും ആഗോളതലത്തിൽ പ്രതിവർഷ യാത്രാ ദിനങ്ങൾ (visitor nights) 2,900 കോടി കടക്കുമെന്നും സഞ്ചാരികളുടെ പ്രാദേശിക ചെലവഴിക്കൽ 10 ട്രില്യൺ ഡോളറിലെത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.










