ദുബായ്: കേരളത്തിന്റെ തനിമയും പാരമ്പര്യവും പ്രവാസ മണ്ണിൽ ആഘോഷമാക്കി അക്കാഫ് അസോസിയേഷന്റെ 28-ാമത് ഓണാഘോഷമായ “അക്കാഫ് പൊന്നോണക്കാഴ്ച ’26” ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഒക്ടോബർ 11ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് പൊന്നോണകാഴ്ച അരങ്ങേറുന്നത്.ഓണാഘോഷത്തിന്റെ ഭാഗമായുള്ള പ്രാഥമിക മത്സരങ്ങൾ ഒക്ടോബർ 4ന് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിൽ നടന്നു.
കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 14 ജില്ലകളിൽ നിന്നുള്ള 135ഓളം കോളജ് അലുമ്‌നി കൂട്ടായ്മകളാണ് അക്കാഫ് അസോസിയേഷന്റെ മെമ്പർ കോളജുകൾ. വിവിധ കോളജുകളിലെ പൂർവവിദ്യാർഥികളെ ഒരുമിപ്പിക്കുന്ന ഈ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ദുബായിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നത്.
അക്കാഫ് അസോസിയേഷന്റെ 28-ാമത് ഓണാഘോഷത്തിന്റെ ഭാഗമായി “മാതൃവന്ദനം” ഇത്തവണയും സംഘടിപ്പിക്കുന്നുണ്ട്. അക്കാഫ് അസോസിയേഷന് ഇത് നാലാമത് അമ്മയോണമാണ്. യുഎഇയിൽ സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികളുടെ അമ്മമാരിൽ നിന്ന് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 28 അമ്മമാരെയാണ് അക്കാഫ് അസോസിയേഷന്റെ 28 ആമത് ഓണാഘോഷത്തിനായി ദുബായിലേക്ക് കൊണ്ടുവരുന്നത്.
അമ്മമാരുടെ വിമാനയാത്ര, വിസ, ദുബായിലെ താമസം, ഭക്ഷണം, വിവിധ സ്ഥലങ്ങളിലേക്കുള്ള സന്ദർശനം എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും അക്കാഫ് അസോസിയേഷൻ വഹിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ , മംഗലാപുരം എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് അമ്മമാർ ദുബായിലേക്ക് യാത്ര തിരിക്കുന്നത്.
അഞ്ച് ദിവസത്തോളം ദുബായിൽ ചെലവഴിക്കുന്ന അമ്മമാർക്ക് യുഎഇയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും മറ്റു കാഴ്ചകളും സന്ദർശിക്കാനുള്ള അവസരവും ഒരുക്കും.
ദുബായിലെത്തുന്ന അമ്മമാർക്ക് പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മക്കളോടൊപ്പം സന്തോഷകരമായ ദിവസങ്ങൾ പങ്കിടാനും യുഎഇയുടെ കാഴ്ചകൾ ആസ്വദിക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മടക്കയാത്രയ്ക്കുമുമ്പ് അമ്മമാർക്ക് നിരവധി സമ്മാനങ്ങളും നൽകും.
അക്കാഫ് അസോസിയേഷനിലെ വിവിധ മെമ്പർ കോളജ് അലുംനികളാണ് ഇതിന്റെ മുഴുവൻ ചിലവുകളും വഹിക്കുന്നത്.
ഒക്ടോബർ 11ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പൊന്നോണക്കാഴ്ച ’26ന്റെ സമാപന വേദിയിൽ 28 അമ്മമാരെയും ആദരിക്കും.
പൊന്നോണക്കാഴ്ച ’26ന്റെ വിജയകരമായ നടത്തിപ്പിനായി ജനറൽ കൺവീനർ സാനു മാത്യു (കോളേജ് ഓഫ് എൻജിനീയറിംഗ്, തിരുവനന്തപുരം), ജോയിന്റ് ജനറൽ കൺവീനർമാരായ അനിൽ നായർ (എൻ.എസ്.എസ്. പോളിടെക്നിക് കോളേജ്, പന്തളം), ബീന ശശിശങ്കർ (സെന്റ് പീറ്റേഴ്സ് കോളജ്, കോലഞ്ചേരി), ലക്ഷ്മി ഷിബു (ശ്രീനാരായണ കോളേജ് ഫോർ വിമൻ, കൊല്ലം), സത്യജിത് വാസുദേവ് (ശ്രീ നാരായണ കോളേജ്, കണ്ണൂർ), ജയകൃഷ്ണൻ രാധാകൃഷ്ണൻ (അമൃത വിശ്വവിദ്യാപീഠം, കൊല്ലം), അമീർ സിറാജ് (ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എൻജിനീയറിംഗ്, എറണാകുളം) എന്നിവരുടെ നേതൃത്വത്തിൽ 30 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
കൺവീനർമാർ, ജോയിന്റ് കൺവീനർമാർ, കോർഡിനേറ്റർമാർ തുടങ്ങി 700 ഓളം പ്രവർത്തകരാണ് വിവിധ കമ്മിറ്റികളിലായി പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിക്കുന്നത്.
സംഘാടക സമിതി ഭാരവാഹികളും മെമ്പർ കോളജ് പ്രതിനിധികളും പങ്കെടുത്ത ഓണം കൺവെൻഷൻ ഒക്ടോബർ 4ന് ഖിസൈസിലെ അമിറ്റി സ്കൂളിൽ വെച്ച് നടത്തി.
പ്രാഥമിക ഘട്ടത്തിൽ നിന്ന് തിരഞ്ഞെടുത്ത മത്സരാർത്ഥികൾ ഒക്ടോബർ 11ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മെഗാ ഇവന്റിൽ വീണ്ടും മാറ്റുരയ്ക്കാനുള്ള അവസരമുണ്ടാകും.
ഒക്ടോബർ 11ന് രാവിലെ 8 മണിക്ക് പൊന്നോണക്കാഴ്ച ’26ന്റെ മെഗാ ഇവന്റിന് തിരശ്ശീല ഉയരും. വിവിധ കോളജ് അലുമ്‌നി കൂട്ടായ്മകളുടെ നേതൃത്വത്തിൽ അത്തപ്പൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ്, കിഡ്സ് ഫാഷൻ ഷോ, നാടൻപാട്ട്, പായസം മത്സരം, പുരുഷകേസരി, മലയാളി മങ്ക, കോളജുകളുടെ സാംസ്‌കാരിക ഘോഷയാത്ര , വിവിധ നാടൻ കളികൾ തുടങ്ങി നിരവധി മത്സരങ്ങളും പരിപാടികളും അരങ്ങേറും. കുട്ടികൾക്കായി പെയിന്റിങ്, ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിപുലമായ ഓണസദ്യ ആരംഭിക്കും. ഏകദേശം 10,000 പേരെയാണ് ഇത്തവണത്തെ ഓണസദ്യയിൽ പ്രതീക്ഷിക്കുന്നത്. വൈകുന്നേരം വിവിധ കോളജ് അലുംനികൾ പങ്കെടുക്കുന്ന ഘോഷയാത്ര മത്സരവും തുടർന്ന് സാംസ്കാരിക സമ്മേളനവും നടത്തും. മസാല കോഫി ബാൻഡിന്റെ സംഗീതനിശയും ഉണ്ടാകും.
അക്കാഫ് അസോസിയേഷന്റെ 28-ാമത് വർഷത്തെ ഓണാഘോഷമാണ് പൊന്നോണക്കാഴ്ച ’26. ദുബായ് ഗവൺമെന്റിന്റെ അംഗീകാരമുള്ള കോളജ് അലുമ്‌നി കൂട്ടായ്മയായ അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം തുടർച്ചയായി അഞ്ചാം വർഷമാണ് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്നത്.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, പെട്രോടെക് മാനേജിങ് ഡയറക്ടർ തോമസ് സി ഫിലിപ്പ്, ദുബായ് ഡ്യൂട്ടി ഫ്രീ വൈസ് പ്രസിഡന്റും അക്കാഫ് അസ്സോസിയേഷൻ മുൻ മുൻ പ്രസിഡന്റുമായ മുഹമ്മദ് റഫീഖ്, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, പൊന്നോണകാഴ്ച ജനറൽ കൺവീനർ സാനു മാത്യു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗിരീഷ് മേനോൻ, സുനിൽ കുമാർ ആർ, വിൻസെന്റ് വലിയവീട്ടിൽ, മുനീർ സി.എൽ, മീഡിയ കൺവീനർ എ വി ചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.






