396 മുറികളുള്ള പ്രമുഖ ഹോട്ടൽ റീബ്രാൻഡ് ചെയ്ത് സെവൻ ടൈഡ്‌സും മൈനർ ഹോട്ടൽസും; പുത്തൻ റസ്റ്ററന്റുകളും വിപുലമായ കോൺഫറൻസ് സൗകര്യങ്ങളും ഒരുങ്ങി.
ദുബായ്, സെപ്റ്റംബർ 21, 2026 : പ്രമുഖ യുഎഇ ആസ്ഥാന റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ സെവൻ ടൈഡ്‌സ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഓക്‌സ് ഇബ്‌ൻ ബത്തൂത്ത ഗേറ്റ് ഹോട്ടലിനെ എൻഎച്ച് കളക്ഷൻ ദുബായ് ഇബ്‌ൻ ബത്തൂത്തയായി റീബ്രാൻഡ് ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
ദുബായ്, സെപ്റ്റംബർ 21, 2026 — പ്രമുഖ യുഎഇ ആസ്ഥാന റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ സെവൻ ടൈഡ്‌സ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഓക്‌സ് ഇബ്‌ൻ ബത്തൂത്ത ഗേറ്റ് ഹോട്ടലിനെ എൻഎച്ച് കളക്ഷൻ ദുബായ് ഇബ്‌ൻ ബത്തൂത്തയായി റീബ്രാൻഡ് ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ഘട്ടംഘട്ടമായി പൂർത്തിയാക്കിയ സമഗ്ര നവീകരണത്തിന് ശേഷമാണ് ഹോട്ടൽ പുതിയ പ്രീമിയം ബ്രാൻഡിൽ അതിഥികൾക്കായി തുറന്നുകൊടുത്തത്.

പ്രമുഖ രാജ്യാന്തര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ മൈനർ ഹോട്ടൽസാണ് 396 മുറികളുള്ള ഈ പ്രോപ്പർട്ടി നിയന്ത്രിക്കുന്നത്. 2023-ൽ പാം ജുമൈറയിൽ തുറന്ന എൻഎച്ച് കളക്ഷൻ ദുബായ് ദി പാമിന് ശേഷം യുഎഇയിലെത്തുന്ന രണ്ടാമത്തെ എൻഎച്ച് കളക്ഷൻ ബ്രാൻഡ് ഹോട്ടലാണിത്. ഇരു ഹോട്ടലുകളുടെയും ഉടമസ്ഥാവകാശം സെവൻ ടൈഡ്‌സിനാണ്.
ഇബ്‌ൻ ബത്തൂത്ത മാളിനോട് ചേർന്നുള്ള ഹോട്ടലിലെ മുറികൾ, ലോബി, റസ്റ്ററന്റുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവ പൂർണമായും നവീകരിച്ചിട്ടുണ്ട്. സാധാരണ മുറികൾക്ക് പുറമെ കുടുംബങ്ങൾക്കായി രണ്ട് ബെഡ്‌റൂം സ്യൂട്ടുകളും സ്വകാര്യ സ്വിമ്മിംഗ് പൂളുകളോട് കൂടിയ ടെറസ് പൂൾ സ്യൂട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. എക്സിക്യൂട്ടീവ് ലോഞ്ച് സൗകര്യമുള്ള ക്ലബ് മുറികളും ഇതിലുണ്ട്.
ദുബായുടെ വിനോദസഞ്ചാര-ഹോസ്പിറ്റാലിറ്റി രംഗത്തുണ്ടാകുന്ന വളർച്ചയ്ക്ക് അനുസൃതമായി പരമ്പരാഗത ആസ്തികളെ കൂടുതൽ മെച്ചപ്പെടുത്തുന്ന ദീർഘകാല നിക്ഷേപ നയത്തിന്റെ ഭാഗമായാണ് ഈ റീബ്രാൻഡിങ് എന്ന് സെവൻ ടൈഡ്‌സ് ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഘാനിം ബിൻ സുലൈം വ്യക്തമാക്കി. കോർപ്പറേറ്റ്, ബിസിനസ് മീറ്റിങ്ങുകൾ, കുടുംബ വിനോദസഞ്ചാരം എന്നിവ ഒരുപോലെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷണപ്രേമികൾക്കായി ബെനിഹാന ജാപ്പനീസ് റെസ്റ്റോറന്റ്, പുതിയ ഓൾ-ഡേ ഡൈനിങ് വേദിയായ ടേസ്റ്റ്, കഫേ നോമാഡ് എന്നിവ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. മക്‌ഗെറ്റിഗൻസ്, റോഡിയോ ഡ്രൈവ്, സ്കൈലൈൻ പൂൾ ബാർ എന്നിവ തുടർന്നും പ്രവർത്തിക്കും.
കോൺഫറൻസുകൾക്കും മറ്റ് ഔദ്യോഗിക പരിപാടികൾക്കുമായി 871 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വലിയ ബാങ്ക്വറ്റ് ഹാളും അനുബന്ധ യോഗമുറികളും ഹോട്ടലിലുണ്ട്. റൂഫ്‌ടോപ്പ് പൂൾ, അത്യാധുനിക ജിംനേഷ്യം, സ്പാ, കിഡ്‌സ് ക്ലബ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഷെയ്ഖ് സായിദ് റോഡിനും ഇബ്‌ൻ ബത്തൂത്ത മെട്രോ സ്റ്റേഷനും അടുത്തുള്ള ലൊക്കേഷൻ ബിസിനസ്, ടൂറിസം യാത്രക്കാർക്ക് ഏറെ സഹായകരമാണ്.










