അപകടത്തിൽപ്പെട്ട കപ്പൽ സുരക്ഷിതമാക്കി; ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതം, വിപണിയിലെ മത്സ്യവും കുടിവെള്ളവും പൂർണ്ണമായും സുരക്ഷിതം.
അബുദാബി, യുഎഇ — യുഎഇ സമുദ്ര അതിർത്തിയിൽ അപകടത്തിൽപ്പെട്ട ‘ജെം നമ്പര് 2’ (GEM NO.2) എണ്ണക്കപ്പലിൽ നിന്നുള്ള പുതിയ ചോർച്ചകൾ പൂർണ്ണമായും നിലച്ചതായി ഔദ്യോഗിക സ്ഥിരീകരണം. കപ്പലിലെ കേടുപാടുകൾ പരിഹരിക്കാനും സമുദ്ര സുരക്ഷ ഉറപ്പാക്കാനുമുള്ള സംയുക്ത ദൗത്യം പുരോഗമിക്കുകയാണെന്ന് ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (NCEMA) വ്യക്തമാക്കി.
സാങ്കേതിക വിദഗ്ധർ കപ്പലിന്റെ പ്രധാന പ്രവർത്തന സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയും ഉൾഭാഗത്തെ ബലക്ഷയം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കടൽ-വ്യോമ നിരീക്ഷണങ്ങൾക്ക് പുറമെ ഉപഗ്രഹ ചിത്രങ്ങൾ വഴിയും സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നു. ചോർച്ച ഉറവിടത്തിൽ തന്നെ തടഞ്ഞതിനാൽ മലിനീകരണത്തിന്റെ തീവ്രതയിൽ പ്രകടമായ കുറവുണ്ടെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
ഒക്ടോബർ 30 വെള്ളിയാഴ്ച ലഭ്യമായ ഉപഗ്രഹ വിവരങ്ങൾ പ്രകാരം ഉമ്മുൽ ഖുവൈൻ തീരത്തിന് അഭിമുഖമായാണ് എണ്ണപ്പാളി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ചെറിയൊരു ഭാഗം റാസൽഖൈമ, അജ്മാൻ, ഷാർജ തീരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. മെക്കാനിക്കൽ സംവിധാനങ്ങളും രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചുള്ള രാസ ലായനികളും ഉപയോഗിച്ചാണ് കടലിലെ ശുചീകരണം നടത്തുന്നത്.
ശുചീകരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുമാണ് ചില ബീച്ചുകളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അടച്ചിട്ട എല്ലാ ബീച്ചുകളിലും മലിനീകരണം എത്തിച്ചേർന്നു എന്ന് ഇതിനർത്ഥമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിപണിയിലെ ഭക്ഷ്യ-മത്സ്യ ഉൽപ്പന്നങ്ങൾ പൂർണ്ണമായും സുരക്ഷിതവും ഉപയോഗയോഗ്യവുമാണ്.
തീരദേശ മേഖലകളിലെ വായു ഗുണനിലവാരം നിരന്തരം പരിശോധിക്കുന്നുണ്ട്. ശുദ്ധജല ഉൽപ്പാദന കേന്ദ്രങ്ങളിലെ പരിശോധനകൾ കർശനമാക്കിയതായും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി സ്ഥിരീകരിച്ചു. ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പാലിക്കാൻ തീരദേശവാസികളോട് നിർദ്ദേശിച്ചിട്ടുണ്ട്.










