നവംബർ 2 മുതൽ 5 വരെ അബുദാബി ഐലൻഡിൽ ട്രക്കുകൾക്ക് 24 മണിക്കൂറും നിരോധനം; എക്സിബിഷൻ സന്ദർശകർക്കായി പാർക്ക് ആൻഡ് റൈഡ് സംവിധാനം.
അബുദാബി, ഒക്ടോബർ 29, 2026 : തലസ്ഥാന നഗരി ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര ഊർജ സമ്മേളനമായ അഡിപെക് 2026-ന്റെ (ADIPEC 2026) ഭാഗമായി അബുദാബി ഐലൻഡിൽ ചരക്കുലോറികൾക്കും തൊഴിലാളി ബസുകൾക്കും വിപുലമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ (ADNEC) നവംബർ 2 മുതൽ 5 വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായി അബുദാബി മൊബിലിറ്റിയാണ് (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ) പുതിയ ട്രാഫിക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. എഡ്നെക് അങ്കണത്തിലെ പാർക്കിങ് പ്രത്യേക അനുമതി പത്രമുള്ള വാഹനങ്ങൾക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങളും സന്ദർശകരും പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള പാർക്ക് ആൻഡ് റൈഡ് (Park-and-Ride) ബസ് സർവീസുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നവംബർ 2 തിങ്കളാഴ്ച മുതൽ നവംബർ 5 വ്യാഴാഴ്ച വരെ അബുദാബി ഐലൻഡിൽ ട്രക്കുകൾ പ്രവേശിക്കുന്നതിന് മുഴുവൻ സമയ (24 മണിക്കൂർ) നിരോധനം ഉണ്ടായിരിക്കും. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്ക് രാവിലെ 6:30 മുതൽ രാത്രി 8:00 മണി വരെയാണ് നിയന്ത്രണം.
അടിയന്തര സേവനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടാകാതിരിക്കാൻ ലോജിസ്റ്റിക്സ് വാഹനങ്ങൾക്കും പൊതു ശുചീകരണ വിഭാഗത്തിന്റെ വാഹനങ്ങൾക്കും ഈ നിയന്ത്രണങ്ങളിൽനിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ, അഡ്നോക്കിന്റെ (ADNOC) ആതിഥേയത്വത്തിലാണ് അഡിപെക് സംഘടിപ്പിക്കുന്നത്. 170-ലധികം രാജ്യങ്ങളിൽ നിന്നായി 2,39,000 സന്ദർശകരും 2,250-ലധികം പ്രദർശക കമ്പനികളും 1,800 പ്രഭാഷകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ 30 രാജ്യങ്ങളുടെ പവലിയനുകളും ഉണ്ടാകും.
നഗരത്തിലെ പ്രധാന പാതകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്രാസൗകര്യം ഒരുക്കാനുമാണ് മുൻകൂർ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. ചരക്കുനീക്കവുമായി ബന്ധപ്പെട്ട കമ്പനികൾ തങ്ങളുടെ സമയക്രമങ്ങൾ പുനഃക്രമീകരിക്കണമെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.










