ദുബായ്: മനുഷ്യവിഭവശേഷി ആസൂത്രണവും ഡാറ്റാ വിശകലനവും സമന്വയിപ്പിച്ച് വികസിപ്പിച്ച നൂതന സംവിധാനത്തിന് ജി.ഡി.ആർ.എഫ്.എ ദുബായിക്ക് അന്താരാഷ്ട്ര ഗോൾഡ് പുരസ്കാരം. ദി ഇക്കണോമിക് ടൈംസ് ഹ്യൂമൻ ക്യാപിറ്റൽ അവാർഡ്സ് മെന 2026-ൽ ‘എക്സലൻസ് ഇൻ എച്ച്.ആർ. ഡാറ്റ അനലിറ്റിക്സ്’ വിഭാഗത്തിലാണ് അംഗീകാരം. പുരസ്കാര ജേതാക്കളുടെ പ്രസിദ്ധീകരിച്ച രേഖകൾ പ്രകാരം, ഈ വിഭാഗത്തിൽ ഗോൾഡ് നേടുന്ന ദുബായിലെ ആദ്യ സർക്കാർ സ്ഥാപനമാണ് ജി.ഡി.ആർ.എഫ്.എ.
ജീവനക്കാരുടെ വിന്യാസം കാര്യക്ഷമമാക്കാനും ഭാവിയിലെ മനുഷ്യവിഭവശേഷി ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിയാനുമായി വികസിപ്പിച്ച ‘ഗവൺമെന്റ് വർക്ക്ഫോഴ്സ് ഇന്റലിജൻസ് ഇക്കോസിസ്റ്റം’ എന്ന പദ്ധതിക്കാണ് പുരസ്കാരം ലഭിച്ചത്. ജീവനക്കാരുടെ കഴിവുകളും സ്ഥാപനത്തിന്റെ പ്രവർത്തന ആവശ്യങ്ങളും കൃത്യമായി വിലയിരുത്തി ഭാവിയിലേക്കുള്ള ആസൂത്രണം കൂടുതൽ ഫലപ്രദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2024-ൽ തയ്യാറാക്കിയ സ്ഥാപനഘടനാ മാനേജ്മെന്റ് മാർഗരേഖയുടെ തുടർച്ചയായാണ് ഈ സംവിധാനം വികസിപ്പിച്ചത്. സ്ഥാപനഘടന, ജീവനക്കാരുടെ വിന്യാസം, ഡാറ്റാ വിശകലനം, പ്രവർത്തന സൂചികകൾ, ഭാവിയിലെ ആവശ്യങ്ങൾ എന്നിവയെ ഒരൊറ്റ സംവിധാനത്തിൽ ബന്ധിപ്പിക്കുന്നതാണ് പ്രത്യേകത. ഇതിലൂടെ കൂടുതൽ കൃത്യതയോടെയും കാര്യക്ഷമതയോടെയും തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും.മനുഷ്യവിഭവശേഷി മാനേജ്മെന്റിൽ നൂതന സാങ്കേതികവിദ്യയും ഡാറ്റാ വിശകലനവും പ്രയോജനപ്പെടുത്തി ദുബായ് കൈവരിച്ച മുന്നേറ്റത്തിനുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തിനും ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ജി.ഡി.ആർ.എഫ്.എ നൽകുന്ന പ്രാധാന്യവും പുരസ്കാരം പ്രതിഫലിപ്പിക്കുന്നു.
ഭാവിക്കായി സജ്ജമായ സർക്കാർ സ്ഥാപനങ്ങളെ കെട്ടിപ്പടുക്കുന്നതിന്റെ അടിസ്ഥാനം മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപമാണെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ജീവനക്കാരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് സ്ഥാപനത്തിന്റെ തന്ത്രപ്രധാന ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം പ്രവർത്തനക്ഷമത വർധിപ്പിക്കാനും മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.നൂതന സർക്കാർ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ എമിറാത്തി പ്രതിഭകൾക്കുള്ള കഴിവാണ് രാജ്യാന്തര തലത്തിലെ ഈ അംഗീകാരം വ്യക്തമാക്കുന്നതെന്നും അൽ മർറി പറഞ്ഞു.മാറുന്ന ആവശ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാനും ഭാവിയിലെ വെല്ലുവിളികൾ നേരിടാനും കഴിയുന്ന കാര്യക്ഷമമായ സർക്കാർ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ശ്രമങ്ങൾക്ക് ഈ നേട്ടം കൂടുതൽ കരുത്തുപകരും.











