സംഭാഷണങ്ങൾക്ക് പരമോന്നത നേതാവ് അനുമതി നൽകിയിട്ടുണ്ടെന്ന് പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ; ഹോർമുസ് കടലിടുക്കിലെ ഖെഷ്മിൽ വ്യോമാക്രമണം സ്ഥിരീകരിച്ച് റിപ്പോർട്ടുകൾ.
ടെഹ്‌റാൻ, ഇറാൻ — എതിരാളികൾ സൃഷ്ടിച്ച പ്രതിസന്ധികൾ ചർച്ചകളിലൂടെ പരിഹരിക്കാൻ രാജ്യം തയ്യാറാണെന്നും എന്നാൽ ഒരു കാരണവശാലും കീഴടങ്ങില്ലെന്നും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യുദ്ധം ആർക്കും ഗുണം ചെയ്യില്ലെന്നും നയതന്ത്ര ചർച്ചകൾക്ക് പരമോന്നത നേതാവ് മൊജ്തബ ഖമേനി സർക്കാരിന് പ്രത്യേക അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെഹ്‌റാനിൽ ഗവർണർമാരുടെയും മേയർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രസിഡൻ്റ്.

അയൽരാജ്യങ്ങളുമായുള്ള ഇറാന്റെ അതിർത്തി വ്യാപാരം തടസ്സപ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും ജനങ്ങളുടെ സഹകരണത്തോടെ ഈ നീക്കങ്ങളെ ചെറുക്കുമെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.
ഇതിനിടെ, തന്ത്രപ്രധാന മേഖലയായ ഹോർമുസ് കടലിടുക്കിലെ ഏറ്റവും വലിയ ദ്വീപായ ഖെഷ്മിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട് പുറത്തുവന്നു. എട്ടുമാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിക്കുന്നതിനിടെയാണ് വാൾസ്ട്രീറ്റ് ജേണൽ ആക്രമണ വിവരം റിപ്പോർട്ട് ചെയ്തത്.
ഖെഷ്ം ദ്വീപിൽ അടുത്തടുത്തായി അഞ്ച് സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) റിപ്പോർട്ട് ചെയ്തു. മേഖലയിൽ രണ്ട് വിമാനങ്ങൾ പറക്കുന്നത് കണ്ടതായി പ്രദേശവാസികളും വ്യക്തമാക്കി. സമീപ ആഴ്ചകളിലായി ഇറാനെതിരെ യുഎസ് നടത്തുന്ന പരിമിതമായ രഹസ്യ സൈനിക നീക്കങ്ങളുടെ ഭാഗമാണ് ഖെഷ്മിലെ നടപടിയെന്ന് യുഎസ് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.










