ഷാർജ : കേരളത്തിന്റെ 70മത് പിറവി ദിനം ഷാർജ ഇന്ത്യൻ സ്കൂൾ ജൂവൈസയിൽ മലയാളോത്സവമായി ആഘോഷിച്ചു. വർണ്ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച മലയാളോത്സവം ഏറെ ശ്രദ്ധേയമായി.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയും ഈ വർഷത്തെ വയലാർ അവാർഡ് ജേതാവുമായ ഡോ. ആർ. രാജശ്രീ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മനുഷ്യനോട് ചേർന്നു നിൽക്കുന്ന ഭാഷയാണ് കാലത്തിനു വേണ്ടതെന്നും അകാരണമായ ഭയമില്ലാത്ത പുതുതലമുറയിൽ സർഗ്ഗാത്മകതയുടെ പ്രകാശം കാണാനാകുമെന്നും രാജശ്രീ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ക്ലാസ്സ് മുറികളിലെ സമവാക്യങ്ങളല്ല ഒരു ജീവിതത്തെ അടയാളപ്പെടുത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഒരു അദ്ധ്യാപിക കൂടിയയായ തനിക്കു മറുനാട്ടിൽ, മലയാളത്തെ സ്നേഹിക്കുന്ന കുട്ടികളോടു സംസാരിക്കാൻ കിട്ടിയ അവസരം ഏറെ ഏറെ പ്രിയപ്പെട്ടതാണെന്നും രാജശ്രീ പറഞ്ഞു. ചടങ്ങിൽ ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു.

സ്കൂൾ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.വൈ. എ റഹിം ,ഫാ. ഡോ. ലിജോ പി തോമസ് (പ്രോ വൈസ് ചാൻസിലർ ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി) എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ സ്വാഗതം പറഞ്ഞു. ഹെഡ് മിസ്ട്രെസ് ദീപ്തി ടോംസി നന്ദി പ്രകാശിപ്പിച്ചു. മലയാളവിഭാഗം അദ്ധ്യാപകൻ കെ. രഘുനന്ദനൻ അവതാരകനായിരുന്നു. കേരളീയ ഗാനം, കാവ്യാഞ്ജലി, മലയാളോൽസവ സംഘഗാനം എന്നിവയും അരങ്ങേറി.










