പ്രവാസി മലയാളി ഷാജു വാലപ്പൻ നിർമിച്ച ചിത്രം ഐഎഫ്എഫ്കെയിലേക്കും സമർപ്പിച്ചു
തിരുവനന്തപുരം — ഇന്ത്യയിലെ ആദ്യ നിർമിതബുദ്ധി (എഐ) ആർട്ട് ഹൗസ് ഫീച്ചർ ചിത്രമായ ‘വാഗ്ദത്തഭൂമി’ പ്രശസ്തമായ അബുദാബി രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. സൗദി അറേബ്യയിലെ പ്രവാസി മലയാളിയായ ഷാജു വാലപ്പനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മലയാളത്തിലെ ആദ്യ എഐ ചിത്രം കൂടിയായ വാഗ്ദത്തഭൂമിയുടെ നേട്ടങ്ങളും വിശദാംശങ്ങളും പങ്കുവെച്ച് അണിയറപ്രവർത്തകർ തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി. നിർമിതബുദ്ധിയെയും ചലച്ചിത്ര കലയെയും സംയോജിപ്പിച്ച് ഒരുക്കിയ ഈ സിനിമ ഇന്ത്യൻ ചലച്ചിത്രരംഗത്ത് പുത്തൻ സാങ്കേതിക മുന്നേറ്റത്തിനാണ് വഴിതുറക്കുന്നത്.
അബുദാബി ചലച്ചിത്രമേളയ്ക്ക് പുറമെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്കെ) മത്സര, പ്രദർശന വിഭാഗങ്ങളിലേക്കും ചിത്രം സമർപ്പിച്ചിട്ടുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചു. അത്യാധുനിക എഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്തിയ ചിത്രം ദൃശ്യാവിഷ്കാരത്തിലും ആഖ്യാനശൈലിയിലും തികച്ചും വ്യത്യസ്തമായ അനുഭവമാണ് നൽകുന്നതെന്ന് അണിയറപ്രവർത്തകർ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ സിനിമയ്ക്ക് തുറന്നുനൽകുന്ന പുതിയ സാധ്യതകളെക്കുറിച്ചും ചിത്രത്തിന്റെ രാജ്യാന്തര പ്രദർശനങ്ങളെക്കുറിച്ചും നിർമാതാവ് ഷാജു വാലപ്പൻ വിശദീകരിച്ചു.










