റിവാഖ് ഔഷയും നെബോഷും സംയുക്തമായി നടത്തുന്ന പദ്ധതിയിലൂടെ അയ്യായിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യ പരിശീലനവും സർട്ടിഫിക്കറ്റും
ദുബായ്, യു.എ.ഇ — യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ തൊഴിലാളികളുടെ തൊഴിലിട സുരക്ഷയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതിനായുള്ള സൗജന്യ ബോധവൽക്കരണ-പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് (Phase 2) തുടക്കമായി. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ റിവാഖ് ഔഷ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് യുകെയിലെ പ്രശസ്ത സുരക്ഷാ ഏജൻസിയായ നെബോഷിന്റെ (NEBOSH) ഗ്ലോബൽ സോഷ്യൽ പർപ്പസ് (CSR) പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.
ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA ദുബായ്), മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. യുഎഇയിലെ ആദ്യ വനിതാ പിഎച്ച്ഡി സ്കോളറും റിവാഖ് ഔഷ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സണുമായ ഡോ. മോസ ഗുബാഷ് അൽ മുഹൈരിയുടെ പിന്തുണയോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.

2025–2026 കാലയളവിൽ പൂർത്തിയായ ഒന്നാം ഘട്ടത്തിൽ കൺസ്ട്രക്ഷൻ, എൻജിനീയറിങ്, മാനുഫാക്ചറിങ്, സെക്യൂരിറ്റി, എജ്യുക്കേഷൻ സപ്പോർട്ട്, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ 2,323 തൊഴിലാളികൾക്ക് പരിശീലനം നൽകിയിരുന്നു. 32 കമ്പനികളിലും രണ്ട് സന്നദ്ധ സംഘടനകളിലുമായി 38 സെഷനുകളാണ് അന്ന് സംഘടിപ്പിച്ചത്. ഒന്നാം ഘട്ടത്തിൽ കോഴ്സ് പൂർത്തിയാക്കിയവരെ ദുബായ് ആംബുലൻസ് സർവീസിന്റെ (DCAS) ‘ദുബായ് ഹാർട്ട് സേഫ് സിറ്റി’ വോളണ്ടിയർ ശൃംഖലയുടെ ഭാഗമാക്കാനും സാധിച്ചു.
2026–2027 കാലയളവിൽ നടപ്പിലാക്കുന്ന രണ്ടാം ഘട്ടത്തിലൂടെ അയ്യായിരത്തിലധികം തൊഴിലാളികൾക്ക് നേരിട്ടും പതിനയ്യായിരത്തിലേറെ ആളുകൾക്ക് പരോക്ഷമായും പ്രയോജനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് വർഷം കൊണ്ട് രാജ്യത്തെ പതിനായിരത്തിലധികം തൊഴിലാളികളെ സുരക്ഷാ സജ്ജരാക്കുക എന്നതാണ് പദ്ധതിയുടെ ആകെ ലക്ഷ്യം.
രണ്ട് പ്രധാന ഘടകങ്ങളിലൂന്നിയാണ് രണ്ടാം ഘട്ട പരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നത്:
ആദ്യ ഘടകത്തിൽ പ്രാഥമിക ശുശ്രൂഷ (First Aid), സി.പി.ആർ (CPR), ഫയർ സേഫ്റ്റി ആൻഡ് റെസ്ക്യൂ, ഇലക്ട്രിക്കൽ സേഫ്റ്റി, കഠിനമായ ചൂടിൽ നിന്നുള്ള സംരക്ഷണം (Heat Stress Prevention), ഉയരങ്ങളിൽ നിന്നുള്ള വീഴ്ച തടയൽ (Fall Protection) തുടങ്ങിയ ശാരീരിക സുരക്ഷാ മാർഗ്ഗങ്ങൾ സമഗ്രമായി പരിശീലിപ്പിക്കും.
രണ്ടാം ഘടകത്തിൽ ജോലിസ്ഥലത്തെ മാനസിക സമ്മർദ്ദം (Workplace Stress), മാനസിക തളർച്ച (Burnout), അമിത ക്ഷീണം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കൽ, പരസ്പര സഹായം, മാനസിക പിന്തുണ തുടങ്ങിയ തൊഴിലിട മാനസികാരോഗ്യ ഘടകങ്ങൾക്ക് മുൻഗണന നൽകും.
ദുബായ് ഹെൽത്ത് അതോറിറ്റി (DHA), അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) എന്നിവയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി നടത്തുന്ന ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നെബോഷ് അംഗീകൃത സർട്ടിഫിക്കറ്റുകളും പഠന സാമഗ്രികളും സൗജന്യമായി വിതരണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, മലയാളം ഭാഷകളിൽ പരിശീലനം ലഭ്യമാണ്.
റീവാഖ് ഓഡിറ്റോറിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രോജക്ട് ലീഡും ട്രെയിനിങ് പാർട്ണർ ഹെഡുമായ ഡോ. ആമിന അജ്മൽ, നെബോഷ് ട്രെയിനർ നെൽ ക്രിസ്റ്റ്യൻ മെനെസെസ്, എൻജിനീയറിങ് പ്രൊഫഷണൽ അജ്മൽ ശംസുദ്ദീൻ, അസിസ്റ്റന്റ് മാനേജർ സാജ്ന മുഹ്സിൻ, സോഷ്യൽ വർക്കർ അൽനിഷാജ് ശാഹുൽ, സോഷ്യൽ വർക്കർ ഹക്കീം വഴക്കാല, റീവാഖ് വക്താവ് നാദിർ ഖെമിസി എന്നിവർ വിശദാംശങ്ങൾ പങ്കുവെച്ചു.
കഴിഞ്ഞ 34 വർഷമായി വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന റീവാഖ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 35 രാജ്യങ്ങളിൽ നിന്നുള്ള 12,000-ലധികം പേർ കോഴ്സുകൾ പൂർത്തിയാക്കിയിട്ടുണ്ട്. റമദാനിൽ പ്രതിദിനം 500 പേർക്കുള്ള ഇഫ്താർ ഭക്ഷണം, 500 കുടുംബങ്ങൾക്ക് ഭക്ഷ്യസഹായം, സൗജന്യ കരിയർ ഗൈഡൻസ് വർക്ക്‌ഷോപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും സ്ഥാപനം നടത്തുന്നുണ്ട്.
പദ്ധതിയിൽ പങ്കാളികളാകാൻ താല്പര്യമുള്ള കമ്പനികൾക്കും എച്ച്.ആർ / എച്ച്.എസ്.ഇ പ്രതിനിധികൾക്കും info@rewaqousha.com എന്ന ഇമെയിൽ വഴിയോ +971 4 4325111, +971 50 9299711 എന്നീ നമ്പറുകൾ വഴിയോ ബന്ധപ്പെടാം. ക്ലാസുകൾ റീവാഖ് കാമ്പസിലോ കമ്പനികളുടെ സൈറ്റുകളിലോ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലോ നേരിട്ടെത്തി നൽകും.










