ദുബായ്: അറബ് മാധ്യമ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങളെയും നൂതന ആശയങ്ങളെയും ആദരിക്കുന്ന അറബ് മീഡിയ അവാർഡിന്റെ 26-ാമത് പതിപ്പിന് തുടക്കമായി. ദുബായ് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുരസ്‌കാരം 25 വർഷത്തിലേറെയായി അറബ് മാധ്യമ മേഖലയിലെ മികവിനെയും സാമൂഹിക സ്വാധീനം ചെലുത്തുന്ന മാധ്യമ സൃഷ്ടികളെയും അംഗീകരിക്കുന്ന പ്രമുഖ വേദിയാണ്.
അച്ചടി, ഓൺലൈൻ മാധ്യമപ്രവർത്തനം മുതൽ ടെലിവിഷൻ, ദൃശ്യ മാധ്യമ രംഗങ്ങളിലെ മികച്ച സൃഷ്ടികൾ വരെ പുരസ്‌കാരത്തിന്റെ പരിഗണനയിൽ ഉൾപ്പെടും. മാധ്യമ രംഗത്ത് നൂതന ആശയങ്ങളുമായി മുന്നേറുന്നവർക്കും സമൂഹത്തിൽ ക്രിയാത്മകമായ സ്വാധീനം സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾ ഒരുക്കുന്നവർക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
26-ാമത് പതിപ്പിന്റെ ഭാഗമായി മാധ്യമ പ്രവർത്തകരെയും ഉള്ളടക്ക സൃഷ്ടാക്കളെയും തങ്ങളുടെ മികച്ച സൃഷ്ടികളുമായി മത്സരത്തിൽ പങ്കെടുക്കാൻ ദുബായ് പ്രസ് ക്ലബ് ക്ഷണിച്ചു.
രജിസ്‌ട്രേഷനും സൃഷ്ടികൾ സമർപ്പിക്കുന്നതിനുമായി https://dpc.org.ae/ar/AMA എന്ന വെബ്സൈറ്റ് സന്ദർശിക്കാം.










