ഷാർജ, നവംബർ 10, 2026: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥമായ ‘വൺ ടൈം, വൺ ലൈഫ്’ 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
പ്രമുഖ എഴുത്തുകാരനും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടക മേധാവിയുമായ അഹ്മദ് അൽ മുശ്താഗൽ അബുദാബി സർക്കാർ ചീഫ് ലൈബ്രേറിയൻ ബാശിർ ബക്കിക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു.
ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും ചരിത്രകാരനുമായ ഡോ. കെ.കെ.എൻ കുറുപ്പ്, അൽ ശിഫ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് കാസിം, സിറാജ് പത്രാധിപർ ശരീഫ് കാരശ്ശേരി, ഫ്ലോറ ഹസൻ ഹാജി എന്നിവർ സംസാരിച്ചു. മാജിക് മൂൺ പബ്ലിഷേഴ്സിന്റെ ഗ്ലോബൽ അഫേഴ്സ് ഡയറക്ടർ സയ്യിദ് മിഹ്റാജ്, സെയിൽസ് ഹെഡ് പ്രഭാത് ശർമ, നൗ ഇന്ത്യ ന്യൂസ് എഡിറ്റർ മുനീർ പാണ്ഡ്യാല എന്നിവർ പങ്കെടുത്തു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് മൂൺ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചയിതാവ് സലാം കൊളിക്കൽ ആണ്. മതപണ്ഡിതൻ, വിദ്യാഭ്യാസ പ്രവർത്തകൻ, സാമൂഹിക സേവകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ജീവിതവും സംഭാവനകളും പ്രവർത്തനവഴികളും പുസ്തകം വിശദമായി അവതരിപ്പിക്കുന്നു.
15 അധ്യായങ്ങളുള്ള പുസ്തകത്തിന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ഡോ. അനിൽ സേത്തി അവതാരിക എഴുതിയിട്ടുണ്ട്. യാസർ അറഫാത്ത്, ഷബീർ എം.കെ., ഡോ. അഹമ്മദ് ജുനൈദ് എൻ.പി., ആദില ഹുസൈൻ എന്നിവർ സഹരചയിതാക്കളാണ്.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പത്ത് പുതിയ പുസ്തകങ്ങൾ കൂടി മാജിക് മൂൺ പബ്ലിഷേഴ്സ് ഇന്ന് (ചൊവ്വ) പ്രകാശനം ചെയ്യും. ഉച്ചക്ക് 12. 30ന് റൈറ്റേഴ്സ് ഫോറത്തിലാണ് ഇംഗ്ളീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങൾ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യുന്നത്. യുഎഇയിലും ജിസിസി മേഖലയിലും പ്രസാധന പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് മാജിക് മൂൺ പബ്ലിഷേഴ്സ് ലക്ഷ്യമിടുന്നത്.










