ജീവനക്കാരുടെ കാര്യക്ഷമതയും സ്ഥാപന നവീകരണവും മുൻനിർത്തി ജിസിസി ഗവൺമെന്റ് എച്ച്ആർ ആൻഡ് യൂത്ത് അവാർഡ്സ് 2026-ലാണ് അംഗീകാരം
ദുബായ്, യുഎഇ — ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച സർക്കാർ എച്ച്ആർ ടീമിനുള്ള പുരസ്കാരം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബായ് സ്വന്തമാക്കി. ‘ജി.സി.സി ഗവൺമെന്റ് എച്ച്ആർ ആൻഡ് യൂത്ത് അവാർഡ്സ് 2026’ൽ പൊതുമേഖലാ-സർക്കാർ വിഭാഗത്തിലാണ് ഈ നേട്ടം.
ജീവനക്കാരുടെ തൊഴിൽപരമായ കാര്യക്ഷമത വികസിപ്പിക്കൽ, അനുയോജ്യമായ തൊഴിൽ വിന്യാസം, സ്ഥാപനത്തിന്റെ പ്രവർത്തനം കൂടുതൽ സുതാര്യവും ഫലപ്രദവുമാക്കൽ എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കിയ ഘടനാപരമായ മാറ്റങ്ങളാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
‘ദി ഇക്കണോമിക് ടൈംസ് ഹ്യൂമൻ ക്യാപിറ്റൽ അവാർഡ്സ് മെന 2026’ൽ വകുപ്പിന്റെ ‘ഗവൺമെന്റ് വർക്ക്ഫോഴ്സ് ഇന്റലിജൻസ് സിസ്റ്റം’ പദ്ധതിക്ക് സ്വർണമെഡൽ ലഭിച്ചതിന് പിന്നാലെയാണ് പുതിയ അംഗീകാരം. ജീവനക്കാരുടെ നൈപുണ്യവികസനത്തിനൊപ്പം കൃത്യമായ വിവരവിശകലനം (ഡാറ്റാ അനലിറ്റിക്സ്) പ്രയോജനപ്പെടുത്തി ഭരണസംവിധാനം മെച്ചപ്പെടുത്താൻ നടത്തിയ ഇടപെടലുകൾക്കുള്ള സാക്ഷ്യപത്രമാണ് ഇരു പുരസ്കാരങ്ങളും.
ഓർഗനൈസേഷനൽ സ്ട്രക്ചേഴ്സ് ബ്രാഞ്ച് തയ്യാറാക്കിയ ‘ഓർഗനൈസേഷനൽ സ്ട്രക്ചർ മാനേജ്മെന്റ് ഗൈഡ് 2024’ അടിസ്ഥാനമാക്കിയാണ് പരിഷ്കാരങ്ങൾ നടപ്പാക്കിയത്. മാറിവരുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി സ്ഥാപനഘടന ചിട്ടപ്പെടുത്താനും ജീവനക്കാരുടെ വിന്യാസം ശാസ്ത്രീയമായി ആസൂത്രണം ചെയ്യാനും ഈ മാർഗരേഖ സഹായകമായി. എച്ച്ആർ വകുപ്പിലെ വർക്ക്ഫോഴ്സ് പ്ലാനിങ് ആൻഡ് അനാലിസിസ് സെക്ഷനും ഓർഗനൈസേഷനൽ സ്ട്രക്ചേഴ്സ് ബ്രാഞ്ചും സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ജീവനക്കാരിലെ നിക്ഷേപമാണ് സ്ഥാപനമികവിന് അടിത്തറയെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് എച്ച്ആർ, ധനകാര്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് അൽ ഔവൈം വ്യക്തമാക്കി. സ്വദേശി-വിദേശി വ്യത്യാസമില്ലാതെ ജീവനക്കാരുടെ തൊഴിൽനൈപുണ്യം ഉയർത്താനും ഭാവി വെല്ലുവിളികൾ നേരിടാൻ സജ്ജമാക്കാനുമാണ് മുൻഗണന നൽകുന്നത്. ആസൂത്രണത്തിലും ഭരണനിർവഹണത്തിലും കൊണ്ടുവന്ന ആധുനിക മാറ്റങ്ങളുടെ ഫലപ്രാപ്തിയാണ് പുരസ്കാരമെന്നും ഇത് ദുബായ് സർക്കാരിന്റെ ആഗോള മത്സരക്ഷമതയും നേതൃസ്ഥാനവും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വിലയിരുത്തി.










