യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ലേബർ, സൈബർ, വാണിജ്യ നിയമങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും; അഡ്വ. ഹാരിസ് ബീരാൻ എംപി മുഖ്യാതിഥി
ദുബായ്, യു.എ.ഇ — യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ കെഎംസിസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന സമഗ്ര ലീഗൽ സെമിനാർ നവംബർ 15 ഞായറാഴ്ച അബൂഹൈലിലെ കെഎംസിസി ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
രാജ്യസഭാ എംപിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാൻ സെമിനാറിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ലേബർ ലോ, ഫാമിലി ലോ, കൊമേഴ്സ്യൽ ലോ, സൈബർ & ക്രിമിനൽ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിയമരംഗത്തെ പ്രമുഖർ ക്ലാസുകൾ നയിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.
വിദേശത്തു കഴിയുന്ന ഓരോ പ്രവാസിക്കും അവിടുത്തെ നിയമസംവിധാനങ്ങളെക്കുറിച്ചും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സംഘാടകർ വ്യക്തമാക്കി. യുഎഇയിലെ പ്രവാസജീവിതത്തിലും സ്വന്തം നാടായ ഇന്ത്യയിലുമുള്ള നിയമപരമായ സംശയങ്ങൾ തീർക്കാനും അവബോധം ഉറപ്പാക്കാനും ഈ വേദി സഹായകരമാകും.
സെമിനാറിലേക്ക് പ്രവാസി സമൂഹത്തെ സ്വാഗതം ചെയ്യുന്നതായി ദുബൈ കെഎംസിസി ലീഗൽ സെൽ ചെയർമാൻ അഡ്വ. ഇബ്രാഹിം ഖലീൽ, ജനറൽ കൺവീനർ അഡ്വ. യസീദ് ഇല്ലത്തൊടി എന്നിവർ അറിയിച്ചു.










